ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് വീണ്ടും ഐഡിഎഫ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ വലിയ സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. പടിഞ്ഞാറന്‍ ടെഹ്റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങള്‍. ഇന്ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു.
Read more
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം 6 സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.