പേരിലെ 'ജാനകി' മാറ്റണം, സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്

സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദർശനാനുമതി സെൻസർ ബോർഡ് തടഞ്ഞു. സിനിമയിലെ കഥാപാത്രമായ ‘ജാനകി’ എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് ചിത്രത്തിന്റെ റിലീസ് ഇപ്പോൾ സെൻസർ ബോർഡ് തടഞ്ഞിരിക്കുന്നത്.

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങിയ കോർട്ട് റൂം ത്രില്ലർ ചിത്രം ജൂൺ 27-ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്താനിരിക്കവെയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ തുടങ്ങിയവരും ചത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്‌മോസ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ജെ. ഫനീന്ദ്ര കുമാറാണ്. സേതുരാമൻ നായർ കങ്കോലാണ് സഹ നിർമാതാവ്.

Read more