എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം. വിധി ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസ പ്രഖ്യാപനമാണ് എന്നും ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
അടുത്ത കാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പല കാര്യങ്ങളിൽ നിന്നും പിന്നാക്കം പോകുകയാണ്. ഗുരുവിന്റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിർദേശം വന്ന ദുരവസ്ഥ പോലും ഉണ്ടായി. ഇപ്പോഴുണ്ടാകുന്ന മാറ്റം നല്ലതാണ്. നല്ല രീതിയിലുള്ള ഭരണം ഉണ്ടാകണമെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
കഴിഞ്ഞ കുറേനാളുകളായി ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നിലപാടുകളാണ് എസ്എൻഡിപി യോഗം കൈക്കൊള്ളുന്നത്. കൂടാതെ എസ്എൻഡിപി യോഗത്തെ മറ്റു സമുദായങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള നിലപാടുകൾ എസ്എൻഡിപി ഭാരവാഹികളുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതിനാൽ ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.







