ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ താരമാണ് മനീഷ കൊയ്‌രാള. കാൻസറിനെയും രോഗങ്ങളെയും അതിജീവിച്ച താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ബോംബെ, ഇന്ത്യൻ, മുതൽവൻ എന്നീ ചിത്രങ്ങളിൽ നായികയായി.
എന്നാൽ 2002ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ബാബ പരാജയമായതോടെ മനീഷയുടെ കരിയറിലും മാറ്റമുണ്ടായി. സൂപ്പർ സ്റ്റാറിനോടൊപ്പമുള്ള ചിത്രം തന്റെ സൗത്ത് സിനിമ കരിയർ അവസാനിപ്പിച്ചുവെന്ന് ഒരിക്കൽ മനീഷ കൊയ്‌രാള തുറന്നു സമ്മതിച്ചിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ്, റഷ്യൻ യൂട്യൂബ് ചാനലായ O2യുടെ ഇന്ത്യൻ വിഭാഗത്തിന് നൽകിയ അഭിമുഖത്തിൽ മനീഷ കൊയ്‌രാള തന്റെ സൗത്ത് ഇന്ത്യൻ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു.
‘ബാബ ഒരുപക്ഷേ എന്റെ അവസാനത്തെ വലിയ തമിഴ് ചിത്രമായിരുന്നു. അക്കാലത്ത് അത് വളരെ മോശവുമായ രീതിയിൽ പരാജയപ്പെട്ടു. അതൊരു വലിയ ബോക്സ് ഓഫീസ് ദുരന്തമായിരുന്നു. ആ ചിത്രത്തിൽ എല്ലാവർക്കും വലിയ പ്രതീക്ഷകളുണ്ടായിരുന്നു, അത് പരാജയപ്പെട്ടപ്പോൾ, ദക്ഷിണേന്ത്യൻ സിനിമകളിലെ എന്റെ കരിയർ പൂർണ്ണമായും ഇല്ലാതായെന്ന് ഞാൻ കരുതി.
ഒരു തരത്തിൽ അത് സത്യവുമായിരുന്നു. അങ്ങനെ തന്നെയാണ് സംഭവിച്ചത്’ ബാബയ്ക്ക് മുൻപുള്ള തന്റെ സൗത്ത് ഇന്ത്യൻ സിനിമകൾ വലിയ രീതിയിൽ ശ്രദ്ദിക്കപ്പെട്ടിരുന്നുവെന്നും മനീഷ ഓർത്തെടുത്തു. ബാബ പരാജയപ്പെട്ടതിന് ശേഷം എനിക്ക് സൗത്ത് സിനിമ ഇൻഡസ്ട്രികളിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നത് നിന്നു എന്നാണ് നടി വെളിപ്പെടുത്തിയത്.