'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലർ ചിത്രം ‘ദൃശ്യം 3’യുടെ ഷൂട്ടിംഗ് സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവിട്ടു. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന അപ്‌ഡേറ്റ് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ പങ്കുവെച്ചിരുന്നു. ഒക്ടോബറിൽ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന അപ്ഡേറ്റ്.

ചിത്രത്തിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസാണ് അപ്ഡേറ്റ് പുറത്തു വിട്ടത്. ‘കാമറ വീണ്ടും ജോർജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. മൊത്തം 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. ചൈനീസിൽ അടക്കം ആറ് ബാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോൺ പ്രൈമിൽ ആയിരുന്നു സ്ട്രീം ചെയ്തത്.

Read more