ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

മലയാള സിനിമയിൽ ഏറെ ചർച്ചയായി മാറിയ സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’. ജോജു ജോർജ് ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചത്. ചിത്രത്തിലെ തെറി പ്രയോഗങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്ന് പറയുകയാണ് ജോജു. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു ജോജു ജോർജ്.

‘തെറി പറയുന്ന ഭാഗം അവാർഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാൻ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോൾ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാൻ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല’

‘അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരിൽ പോലും. പക്ഷെ ഞാൻ ജീവിക്കുന്ന എന്റെ നാട്ടിൽ അതൊക്കെ വലിയ പ്രശ്‌നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാൻ പറഞ്ഞത് പ്രശ്‌നമായി’ എന്നാണ് ജോജു പറയുന്നത്.

Read more