രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പീഡന പരാതി നൽകിയ ബെംഗളൂരു സ്വദേശിനിയായ യുവതിയെ കോടതിയിൽ രഹസ്യമൊഴി നൽകിയതിൻ്റെ പിറ്റേ ദിവസം തന്നെ ഭയപ്പെടുത്താൻ രാഹുൽ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ.  രാഹുലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയുടെ പ്രാരംഭവാദത്തിലാണ് പ്രോസിക്യൂട്ടർ കല്ലംമ്പള്ളി മനു ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

പരാതിക്കാരിയെ ഭയപ്പെടുത്തി കേസിൽ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.  രാഹുലിനെ ഭയന്നാണ് ക്രൂരമായി പീഡനത്തിന് ഇരയായ പെൺകുട്ടി   കെപിസിസിയിൽ പരാതി നൽകിയത്. രാഹുൽ ജാമ്യ വ്യവസ്‌ഥ ലംഘിക്കുക മാത്രമല്ല കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ രാഹുൽ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായാണ് പൊലീസ് കോടതിയെ അറിയിച്ചത്.