ഗിരീഷ് എ.ഡിയുടെ പ്രേമലുവിലെ അമൽ ഡേവിസം റീനുവും ആരും അത്ര പെട്ടെന്ന് മറക്കുന്ന കഥാപാത്രങ്ങളായിരുന്നില്ല. ഇപ്പോഴിതാ പുതിയ സിനിമയ്ക്കായി ഒരുമിക്കുകയാണ് സംഗീത് പ്രതാപും മമിത ബൈജുവും. തണ്ണീർമത്തൻ ദിനങ്ങൾ, പത്രോസിന്റെ പടപ്പുകൾ എന്നീ സിനിമകൾക്ക് ശേഷം ഡിനോ പൗലോസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തുക.
‘പ്രണയം ഒരിക്കലും മെനുവിൽ ഉണ്ടായിരുന്നില്ല… അബദ്ധവശാൽ അവർ പരസ്പരം ഓർഡർ ചെയ്യുന്നതുവരെ’ എന്ന ക്യാപ്ഷനോടെയാണ് സംഗീത് ഫെയ്‌സ്ബുക്കിൽ സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇതെന്നാണ് സൂചന. കലി, തല്ലുമാല, അഞ്ചാം പാതിരാ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച ആഷിഖ് ഉസ്മാന്റെ ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. പ്രേമലു 2 വിൽ ഇരുവരും വീണ്ടും ഒന്നിക്കാനിരിക്കെയാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് വന്നിരിക്കുന്നത്.