രണ്ടുവട്ടം മണ്ഡലം നഷ്ടപ്പെട്ടപ്പോള്‍ പിതാവ് പറയുമായിരുന്നു നിലമ്പൂര്‍ തിരിച്ചുപിടിക്കലാവണം ഇനി നിങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനമെന്ന്'; അന്‍വറിന്റെ വോട്ട്, യുഡിഎഫ് പ്രതീക്ഷിച്ചതിനപ്പുറം ഒന്നും നടന്നിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്‌

നിലമ്പൂരില്‍ തുടക്കം മുതല്‍ ലീഡില്‍ നിന്നിട്ടും ആവേശത്തോടെ പ്രവര്‍ത്തകര്‍ക്കൊപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആഹ്ലാദപ്രകടനത്തിനെത്തിയത് ഭൂരിപക്ഷം 10,000 കടന്നതിന് പിന്നാലെയാണ്. ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന് പിന്നിലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. 2011ല്‍ ആര്യാടന്‍ മുഹമ്മദ് ആറാം വട്ടവും തുടര്‍ച്ചയായി വിജയച്ചതിന് പിന്നാലെ 2016ല്‍ ആര്യാടന്‍ ഷൗക്കത്തിലൂടെയാണ് മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമായത്. ഒരു കാവ്യനീതി പോലെ 2025ല്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ തിരിച്ചു പിടിച്ചു മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ പിതാവിന്റെ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു.

രണ്ടുവട്ടം നിലമ്പൂര്‍ നഷ്ടപ്പെട്ടപ്പോള്‍ തന്റെ പിതാവ് പറയുമായിരുന്നു നിലമ്പൂര്‍ തിരിച്ചുപിടിക്കലാവണം ഇനി നിങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനമെന്ന്. ഇന്ന് അത് സാധിച്ചപ്പോള്‍ കാണാന്‍ അദ്ദേഹം ഇല്ലെന്നത് സങ്കടമുണ്ടാക്കുന്നുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പി വി അന്‍വര്‍ വോട്ട് പിടിച്ചത് വലിയ കാര്യമല്ലെന്നും യുഡിഎഫ് പ്രതീക്ഷിച്ചതിനപ്പുറം നിലമ്പൂരില്‍ ഒന്നും നടന്നിട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Read more

മണ്ഡലപുനര്‍ നിര്‍ണയത്തിന് ശേഷം യുഡിഎഫ് കേന്ദ്രങ്ങള്‍ മണ്ഡലത്തില്‍ നിന്ന് നഷ്ടപ്പെട്ടിട്ടും ഇന്ന് യുഡിഎഫ് പിടിച്ചെടുത്ത ഈ വിജയം പിണറായി ഭരണത്തിനെതിരെ കേരളം ഒന്നിച്ച് നില്‍ക്കുന്നതിന്റെ സൂചനയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കേരളത്തിനൊന്നാകെ വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.