നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; രണ്ടിടത്ത് ബിജെപി മുന്നിൽ

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഗുജറാത്തിൽ രണ്ട് മണ്ഡലങ്ങളിലും പഞ്ചാബ്, ബംഗാൾ സംസ്‌ഥാനങ്ങളിൽ ഓരോ സീറ്റുകളിലുമാണ് വോട്ടെണ്ണൽ. ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നിൽ. പഞ്ചബായിൽ ആം ആദ്മിയും ബംഗാളിൽ തൃണമൂലും മുന്നിട്ട് നിൽക്കുന്നു.

പഞ്ചാബിൽ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസിനും ആം ആദ്‌മി പാർട്ടിക്കും വിജയം അഭിമാന പ്രശ്‌നമാണ്. എഎപി എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബംഗാളിലെ കാളിഗഞ്ചിൽ തൃണമൂൽ – ബിജെപി – കോൺഗ്രസ് ത്രികോണ മത്സരമായിരുന്നു. തൃണമൂൽ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

കാളിഗഞ്ചിൽ ഇടത് പിന്തുണ കോൺഗ്രസിനാണ്. എന്നാൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. വോട്ടെണ്ണൽ നടക്കുന്ന ഗുജറാത്തിലെ രണ്ട് സിറ്റിങ് സീറ്റിൽ ഒന്ന് ബിജെപിയുടേതും മറ്റൊന്ന് ആം ആദ്‌മി പാർട്ടിയുടേതുമാണ്. രണ്ടിടത്തും ബിജെപി സ്ഥാനാർഥിയാണ് മുന്നിൽ.