നോ പറഞ്ഞാല്‍ ശത്രുവായി കാണും, പക്ഷേ നമ്മള്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചു കിട്ടുന്നില്ലെങ്കില്‍ അങ്ങനെ ഇടപെട്ടാല്‍ മതി: അദിതി രവി

ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി എത്തുകയാണ് അതിഥി രവി. സേതു തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം. അതിനിടെ ഇന്ത്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ അതിഥി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. സിനിമയില്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്നാണ് അദിതി പറയുന്നത്.

സേതു ചേട്ടന്‍ എന്നെ മറ്റൊരു സിനിമയിലേക്ക് വിളിച്ചിരുന്നു. അന്ന് ഞാന്‍ ‘നോ’ പറഞ്ഞിരുന്നു. എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞായിരുന്നു ഒഴിവായത്. എന്നാല്‍ ഒരു ഈഗോയുമില്ലാതെ അദ്ദേഹം എന്നെ അടുത്ത സിനിമയിലേക്ക് വിളിച്ചു.

സാധാരണ ഒരു നടി നോ പറഞ്ഞാല്‍ ഇനി അവളെ വിളിക്കണ്ട എന്ന് പറയുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. അങ്ങനെ പറഞ്ഞാല്‍ ശത്രു ആയിട്ട് കാണുന്ന ആളുകളുണ്ട്. അദ്ദേഹം അത് മനസ്സില്‍ പോലും വെക്കാതെയാണ് വിളിച്ചത്.

എനിക്കപ്പോള്‍ നോ പറയരുത് എന്നുണ്ടായിരുന്നു. സിനിമയില്‍ ആരെയും ഭയക്കാതെ ഇരിക്കുക എന്നതാണ് ഇപ്പോള്‍ വേണ്ടത്. ഒരാളെയും ഭയപ്പെടേണ്ട കാര്യമില്ല. ബഹുമാനിക്കണം. അത് ഓരോരുത്തരുടെ സീനിയോറിറ്റി അനുസരിച്ച് ആവാം. നമ്മള്‍ കൊടുക്കുന്ന റെസ്പെക്ട് തിരിച്ചും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

Read more

നോ പറയേണ്ടിടത് നോ പറയണം. ഇനി അവസരങ്ങള്‍ വരില്ല. വിളിക്കില്ല എന്നൊന്നും വിചാരിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ട്. പണ്ടൊക്കെ അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ ഈ ടീം അല്ലെങ്കില്‍ മറ്റൊരു ടീം. ഒരുപാട് സിനിമകളും ഇറങ്ങുന്നുണ്ട്. ഒന്നുമില്ലാത്തപ്പോള്‍ ഞാന്‍ ഷോര്‍ട്ട് ഫിലിം വരെ ചെയ്തിട്ടുണ്ട്. അതിനുള്ള ഗട്ട്‌സ് ഉണ്ടായാല്‍ മതി. പേടിക്കേണ്ട കാര്യമില്ല. പിന്നെ എല്ലാം വന്നോളും അദിതി വ്യക്തമാക്കി.