പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് തിരക്കഥാകൃത്തും സാഹിത്യകാരിയുമായ ദീദി ദാമോദര്‍. നീതി തേടി തെരുവിലിറങ്ങുന്ന പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം വരുംവരായ്കകള്‍ നോക്കാതെ നില്‍ക്കാന്‍ തയ്യാറുള്ള, പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു വിഎസ് എന്ന് ദീദി ദാമോദര്‍ കുറിച്ചു.

സാമൂഹ്യമാധ്യമത്തിലൂടെ ആയിരുന്നു ദീദി വിഎസിനെ അനുസ്മരിച്ചത്. വിഎസിനോളം വിശ്വാസം മറ്റൊരു രാഷ്ട്രീയനേതാവിനോടും ഇന്നോളം തോന്നിയിട്ടില്ലെന്നും ദീദി കൂട്ടിച്ചേര്‍ത്തു. 2017 ല്‍ സിനിമയിലെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അനാരോഗ്യം മറന്നും ‘അവള്‍ക്കൊപ്പം’ എന്ന പോരാട്ടത്തില്‍ വിഎസ്സ് തങ്ങള്‍ക്കൊപ്പം നിന്നു. കറകളഞ്ഞ നിലപാടായിരുന്നുവെന്നും ദീദി ഓര്‍ത്തെടുത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

നീതി തേടി തെരുവിലിറങ്ങുന്ന പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം വരുംവരായ്കകള്‍ നോക്കാതെ നില്‍ക്കാന്‍ തയ്യാറുള്ള, പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തന്‍ – അതാണ് വി.എസ്സ് . അത്രയും വിശ്വാസം മറ്റൊരു രാഷ്ട്രീയനേതാവിനോടും ഇന്നോളം തോന്നിയിട്ടില്ല.

2017 ല്‍ സിനിമയിലെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അനാരോഗ്യം മറന്നും ‘അവള്‍ക്കൊപ്പം’ എന്ന പോരാട്ടത്തില്‍ വിഎസ്സ് തങ്ങള്‍ക്കൊപ്പം നിന്നു. കറകളഞ്ഞ നിലപാടായിരുന്നു : ‘ഇരയാക്കപ്പെട്ട സഹോദരിക്ക് ഒപ്പമല്ല കേരളത്തിലെ ചില രാഷ്ട്രീയക്കാരും,സിനിമാ പ്രവര്‍ത്തകരും വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് . പക്ഷേ ഞാന്‍ നിലകൊള്ളുന്നത് ഇരയ്‌ക്കോപ്പം തന്നെയായിരിക്കും നീതി ലഭിക്കും വരെ അവള്‍ക്കൊപ്പമാണ് ഞാന്‍’
സൂര്യനെല്ലിക്കേസില്‍ , ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്സില്‍ , കവിയൂര്‍, കിളിരൂര്‍ കേസില്‍ ഒക്കെ ആ നിശ്ചയദാര്‍ഢ്യം പൊരുതുന്ന സ്ത്രീകള്‍ തിരിച്ചറിഞ്ഞതാണ് .

മുന്നാറിലെ തേയിലത്തോട്ടങ്ങളിലെ കോടമഞ്ഞില്‍ ഉണര്‍ന്ന പൊമ്പിളൈ ഒരുമൈ തെരുവിലേക്കിറങ്ങി നിന്ന രാത്രിയില്‍ വി.എസ്സിന്റെ വരവ് ഒരു ചരിത്ര സംഭവമായിരുന്നു. നിരാലംബരായ നഴ്‌സുമാര്‍ വേതനനീതിക്കായി പൊരിവെയിലില്‍ തെരുവിലിറങ്ങിയപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെ ഹൃസ്വദൃഷ്ടികള്‍ വക വയ്ക്കാതെ ഒപ്പം നില്‍ക്കാന്‍ വി.എസ്സുണ്ടായിരുന്നു .

Read more

ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്.
തോല്‍വിയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുമ്പോഴും തളരരുത് എന്ന ആത്മശ്വാസം തന്ന് എല്ലാ പോരാട്ടങ്ങളുടെയും തുടര്‍ചലനമായത് കൊണ്ടാണ് . ജീവിയ്ക്കുവാനും പിടിച്ചു നില്‍ക്കാനുമുള്ള പ്രചോദനമായിരുന്നു അതെന്നും .