തിരുവനന്തപുരത്ത് നിന്ന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളോടെ വിഎസിനെയും വഹിച്ചുള്ള വിലാപയാത്ര ആറ്റിങ്ങലിനോട് അടുക്കുന്നു. രാത്രി വൈകിയും ദേശീയപാത 66ല്‍ ആയിരങ്ങളാണ് പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാനും ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും കാത്തുനില്‍ക്കുന്നത്.
ഉച്ചയ്ക്ക് 2.30ഓടെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര ഏഴ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ആറ്റിങ്ങലിനോട് അടുക്കുന്നതേയുള്ളൂ. വിലാപയാത്ര 10 കിലോമീറ്റര്‍ പിന്നിട്ടത് അഞ്ച് മണിക്കൂര്‍ സമയമെടുത്താണ്. ദേശീയപാത 66 ഏറെക്കുറെ സ്തംഭിച്ച നിലയിലാണ്. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി ആളുകളാണ് വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ വഴിയരികില്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍ ഏഴ് മണിക്കൂര്‍ പിന്നിടുമ്പോള്‍ 31 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആറ്റിങ്ങല്‍ എത്തിയിട്ടില്ല. ആറ്റിങ്ങല്‍ മുതല്‍ ദേശീയപാതയില്‍ വിഎസിനെ ഒരു നോക്ക് കാണാനെത്തുന്നവരുടെ തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
Read more
വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.