തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ സമരസപ്പെടാത്ത സമര വീര്യം വിഎസ് അച്യുതാനന്ദന്‍ ജന്മനാട്ടിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച വിലാപയാത്ര കഴക്കൂട്ടം നഗരം പിന്നിട്ടു. ഉച്ച കഴിഞ്ഞ് 2.30ഓടെ സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് ആരംഭിച്ച വിലാപയാത്ര അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് 10 കിലോമീറ്റര്‍ പിന്നിട്ടത്.
നിരവധി പേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും നൂറുകണക്കിന് ആളുകള്‍ ദേശീയപാതയ്ക്ക് അരികില്‍ ഇതോടകം സ്ഥാനം പിടിച്ചുകഴിഞ്ഞു. ദര്‍ബാര്‍ ഹാളില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം 45 മിനിറ്റ് സമയമെടുത്തു.
സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി ആളുകളാണ് വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ വഴിയരികില്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാത 66 ഇതോടകം സ്തംഭിച്ച നിലയിലാണ്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം.
Read more
വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.