സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെട്ട സ്റ്റണ്ട് മാസ്റ്റർ രാജുവിന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, കുടുംബത്തിന് ധനസഹായവുമായി ചിമ്പുവും

പാ രഞ്ജിത് ചിത്രം ‘വേട്ടുവം’ത്തിന്റെ ചിത്രീകരണത്തിനിടെ മരണപ്പെട്ട സ്റ്റണ്ട് മാസ്റ്റർ എസ് മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായി നടന്മാരായ സൂര്യയും ചിമ്പുവും. സ്റ്റണ്ട് മാസ്റ്റർ സിൽവയാണ് ഇക്കാര്യം തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

‘മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. എസ്ടിആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ട്’ എന്ന് സിൽവ പറഞ്ഞു.

പാ രഞ്ജിത്ത്- ആര്യ സിനിമയിലെ കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട് മാസ്റ്റർ എസ് മോഹൻരാജു അപകടത്തിൽ മരിച്ചത്. കാർ അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.

Read more