12,000 കോടിയുടെ ബാധ്യതയുള്ള രുചി സോയ ഏറ്റെടുക്കാൻ പതഞ്‌ജലി രംഗത്ത്

ഗുരുതരമായ കടക്കെണിയിലായ പ്രമുഖ ഭക്ഷ്യഎണ്ണ ഉത്പാദക കമ്പനിയായ രുചി സോയയെ ഏറ്റെടുക്കാൻ ബാബ രാംദേവിന്റെ പതഞ്‌ജലി ഒരുങ്ങുന്നു. കമ്പനിയുടെ 4350 കോടി രൂപയുടെ കടം, പതഞ്‌ജലി കൊടുത്തു തീർക്കുമെന്നാണ് പുതിയ ഓഫർ. ഇതിനു പുറമെ 1700 കോടി രൂപ കൂടി കമ്പനിയിൽ മുതൽ മുടക്കും.
നേരത്തെ 4100 കോടിയാണ് കടം തീർക്കാൻ പതഞ്‌ജലി ഓഫർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് അദാനി വിൽമർ എന്ന കമ്പനി 4300 കോടിയുടെ ഓഫർ മുന്നോട്ട് വെച്ചു. പക്ഷെ ജനുവരിയിൽ അവർ പിൻവാങ്ങി.
ഇതേ തുടർന്നാണ് പതഞ്‌ജലി പുതിയ ഓഫർ മുന്നോട്ട് വെച്ചത്.

ഇൻഡോർ ആസ്ഥാനമായ കമ്പനി 2017 -18 സാമ്പത്തിക വർഷത്തിൽ 5638 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2017 ഡിസംബറിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ കമ്പനിക്ക് ഇപ്പോൾ 12,000 കോടിയുടെ കടബാധ്യതയുണ്ട്. ഐ ടി സി, ഗോദ്‌റെജ്‌, ഇമാമി തുടങ്ങിയ കമ്പനികളും രുചി സോയ ഏറ്റെടുക്കാൻ രംഗത്തുണ്ടായിരുന്നു. 5 പ്രമുഖ തുറമുഖങ്ങളിൽ ഈ കമ്പനിക്കുള്ള റിഫൈനിംഗ് പ്ലാന്റുകളാണ് വാങ്ങാനുള്ള താല്പര്യം ശക്തമാക്കുന്നത്.