‘തുടക്കം’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് വിസ്മയ മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചില ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ചിത്രം ഏത് ജോണറിലുള്ളതായിരിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഒരു ഇടിപ്പടം ആയിരിക്കും എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. തുടക്കത്തിലെ ‘ട’യിൽ ഒരു കരാട്ടെ പോസിലുള്ള കൈയും അവസാനത്തെ ‘ക്കം’ൽ മുഷ്ടി ചുരുട്ടി പിടിച്ചുള്ള ഒരു കൈയുമാണ് കാണാൻ സാധിക്കുക. ഇവയെല്ലാം ചിത്രം ഒരു ഇടിപ്പടം ആണെന്ന സൂചനയാണ് നൽകുന്നത്.
മിക്സഡ് മാർഷ്യൽ ആർട്സ്, കിക്ക് ബോക്സിങ്, ട്രഡിഷണൽ കരാട്ടെ പോലുള്ള ഫോമുകളിൽ പരിശീലനം എടുത്തിട്ടുള്ള ആളാണ് വിസ്മയ എന്നതുകൊണ്ടും അത്തരത്തിൽ ഒരു സിനിമയായിരിക്കും എന്നാണ് പലരുടെയും അഭിപ്രായം.