'എന്താ മോനെ ഇതൊക്കെ...' കണ്ണിൽ മൈക്ക് കൊണ്ടു, പ്രതികരിച്ച് മോഹൻലാൽ; വൈറലായി വീഡിയോ

സിനിമയിൽ അല്ലാതെ പൊതു ഇടങ്ങളിലെ താരങ്ങളുടെ പെരുമാറ്റം പലപ്പോഴും ചർച്ചയാകാറുണ്ട്. സൂപ്പർസ്റ്റാറുകൾ ആയാലും യുവതാരങ്ങളായാലും മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നത് ആളുകൾ ശ്രദ്ധിക്കാറുമുണ്ട്. ഇപ്പോഴിതാ മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയപ്പോൾ മോഹൻലാൽ നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിന്നു പുറത്തിറങ്ങി കാറിലേക്ക് നീങ്ങവെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. കനത്ത പൊലീസ് കാവലിനിടെ കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടുകയായിരുന്നു.

‘എന്താണ് മോനേ ഇതൊക്കെ, കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറിൽ കയറുകയാണ് മോഹൻലാൽ ചെയ്തത്. ഡോർ അടയ്ക്കും മുമ്പ് ‘മോനെ നിന്നെ ഞാൻ നോക്കിവെച്ചിട്ടുണ്ടെന്ന്’ തമാശയായി താരം പറയുന്നതും വീഡിയോയിൽ കേൾക്കാം. നടന്റെ ക്ഷമയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. കൂടാതെ മറ്റുള്ള നടന്മാരുടെ പ്രതികരണരീതിയെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്.

Read more