ബാഹുബലി സീരീസിലെ ആദ്യ ഭാഗം റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയായ വേളയിൽ ഒത്തുകൂടി അണിയറക്കാർ. ബാഹുബലി ടീമിലെ എല്ലാവരും ചേർന്ന് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പത്താം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ്. റീയൂണിയൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. എസ് എസ് രാജമൗലി, പ്രഭാസ്, റാണ ദഗുബാട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സാബു സിറിൾ ഉൾപ്പെടെ സിനിമയുടെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ച ആളുകളാണ് പഴയ ഓർമകളുമായി വീണ്ടും ഒത്തുകൂടിയത്. രാജമൗലിയുടെ ഹൈദരാബാദിലെ വസതിയിലായിരുന്നു ഒത്തുകൂടൽ.
എന്നാൽ രണ്ട് ഭാഗങ്ങളിലെയും നായികമാരായ അനുഷ്ക ഷെട്ടിയും തമന്നയും പുറത്തുവന്ന റീയൂണിയൻ ചിത്രങ്ങളില്ല. ഇരുവരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ആരാധകർ തിരക്കുന്നുണ്ട്. 2015 ജൂലൈ 10നായിരുന്നു ആദ്യ ഭാഗമായ ബാഹുബലി ദ ബിഗിനിങ് പുറത്തിറങ്ങിയത്. അതുവരെയുണ്ടായിരുന്ന ബോക്സോഫിസ് റെക്കോഡുകളെല്ലാം തകർത്തുകൊണ്ടായിരുന്നു സിനിമ മുന്നേറിയത്. ബാഹുബലി രണ്ടാം ഭാഗമായ ബാഹുബലി ദ കൺക്ലൂഷൻ 2017ലാണ് റിലീസ് ചെയ്തത്. ആദ്യ ഭാഗത്തിനേക്കാൾ വലിയ വിജയമായിരുന്നു രണ്ടാം ഭാഗം ബോക്സോഫിസിൽ നേടിയത്.
“ബാഹുബലി സംഗമത്തിന്റെ 10 വർഷങ്ങൾ… ഒരു സ്വപ്നമായി തുടങ്ങിയത്, ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി മാറി. ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു കഥ…ഒരു കുടുംബമായി ഞങ്ങളെ ഒന്നിപ്പിച്ച ഒരു യാത്ര…ഞങ്ങൾ എക്കാലവും വിലമതിക്കുന്ന ഓർമകൾ. ബാഹുബലിയുടെ 10 വർഷങ്ങൾ ആഘോഷിക്കാൻ ഞങ്ങൾ ഒത്തുചേരുമ്പോൾ, ഈ കഥയിൽ വിശ്വസിച്ച, ഞങ്ങളോടൊപ്പം നിന്ന, ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ച ഓരോ വ്യക്തികളോടും ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണ്.
Read more
ഈ റീയൂണിയൻ ഒരു നൊസ്റ്റാൾജിയക്കും അപ്പുറമാണ് – അത് ഒരു ദശാബ്ദത്തിലേറെക്കാലത്തെ ഓർമ്മകളുടെ ഒരു പ്രളയം തന്നെ തിരികെ കൊണ്ടുവന്നു. ശരിയായി നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും, തെറ്റ് സംഭവിച്ചിരിക്കാവുന്നതും എന്നാൽ സംഭവിക്കാത്തതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ സ്നേഹപൂർവ്വം ഓർക്കുന്നു. ബാഹുബലി ഇന്ന് എന്താണോ അതെല്ലാം ഉറപ്പാക്കിയത് ആ നിമിഷങ്ങളാണ്. എന്നാൽ ഈ ആഘോഷം ഞങ്ങളുടേത് മാത്രമല്ല. ബാഹുബലിയെ നെഞ്ചിലേറ്റിയ നിങ്ങൾ ഓരോരുത്തരുടെയുമാണ്. ആൽക്കെമിസ്റ്റിൽ പൗലോ കൊയ്‌ലോ പറഞ്ഞതുപോലെ “നിങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചാൽ, അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ മുഴുവൻ പ്രപഞ്ചവും കൂടെയുണ്ടാവും”, റീയൂണിയൻ ചിത്രങ്ങൾക്കൊപ്പം ബാഹുബലി ടീം സോഷ്യൽ മീഡിയയിൽ കുറിച്ചു.









