മലയാള സിനിമ കണ്ട അതുല്യ നടന്മാരിൽ ഒരാളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. സ്‌ക്രീനിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ജീവിക്കുകയായിരുന്നു എന്നുതന്നെ പറയാം. ഇപ്പോഴിതാ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഓഫ് സ്‌ക്രീൻ ജീവിതത്തെക്കുറിച്ചുള്ള ജഗദീഷിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അവസാന കാലത്ത് കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കാത്തതിൽ അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.
‘പ്രൊഫഷണൽ നാടക വേദികളിൽ പോകുമ്പോഴും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായിരുന്നില്ല. സിനിമയിൽ വന്ന ആദ്യ നാളുകളിൽ കാശൊക്കെ ചോദിച്ച് വാങ്ങാൻ അദ്ദേഹത്തിന് മടിയായിരുന്നു. അദ്ദേഹത്തിന്റെ ക്യാരക്ടർ അങ്ങനെയായിരുന്നു. വളരെ മിതമായിട്ടുള്ള പ്രതിഫലമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ചിലതിലൊന്നും കിട്ടിയതുമില്ല’ എന്നും ജഗദീഷ് പറയുന്നു.
പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ കെപിഎസി ലളിത ചേച്ചിയോട് 250 രൂപ കടം വാങ്ങിയാണ് നാട്ടിലേക്ക് പോയത്. അത്രയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നുവെന്നും ഒടുവിൽ ഉണ്ണികൃഷ്ണനെക്കുറിച്ച് ജഗദീഷ് പറയുന്നു.
അവസാന കാലത്ത് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു. കുറച്ചുകൂടെ റോളുകൾ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ തുടക്കം കലാനിലയം, നാടകവേദി എന്നിവയിലൂടെയാണ്. സ്വാഭാവികമായി നമുക്കറിയാം ഒരു നിശ്ചിത തുക മാത്രമേ കിട്ടുകയുള്ളൂ. ദാരിദ്ര്യം ഇല്ല എന്ന് പറയാം. എന്നാലും വീട്ടിലേക്ക് കാര്യമായ പൈസയൊന്നും അയച്ചു കൊടുക്കാൻ പറ്റില്ലായിരുന്നുവെന്നും ജഗദീഷ് പറയുന്നു.