'കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം, അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലത്'; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന് വി ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച വിവാദത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമസ്തയും സമസ്തയെ പിന്തുണച്ച് മുസ്ലീം ലീഗും രംഗത്തെത്തുകയും സമസ്ത സ്‌കൂള്‍ സമയമാറ്റത്തില്‍ സമര പരിപാടിക്ക് ഒരുങ്ങുമ്പോഴുമാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിലപാട് കടുപ്പിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും ശിവന്‍ കുട്ടി മന്ത്രി പറഞ്ഞു.

സമയം അവര്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലത്. അല്ലാതെ ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയായ നടപടി അല്ലെന്നാണ് സിപിഎം നേതാവും മന്ത്രിയുമായ വി ശിവന്‍കുട്ടി പറഞ്ഞത്. മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തില്‍ സ്‌കൂള്‍ പഠന സമയം മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.

സെക്രട്ടേറിയറ്റ് ധര്‍ണ അടക്കം രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സമരങ്ങളാണ് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ (എസ്‌കെഎംഎംഎ) സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചത്. സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു പോലും തയാറാവാത്തതിലും കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചിരുന്നു. സര്‍ക്കാര്‍ ഏകപക്ഷീയമായി സ്‌കൂള്‍ സമയമാറ്റം നടപ്പാക്കിയതിനെതിരെ പോരാടേണ്ടതുണ്ടെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മദ്രസ പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നു സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസല്യാര്‍ പറഞ്ഞു.

മദ്രസാപഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂള്‍ സമയം നീട്ടാന്‍ സാധിക്കുമെന്നും, അതിനായി സര്‍ക്കാര്‍ സമസ്തയുമായി ചര്‍ച്ച നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. സമസ്തയ്‌ക്കൊപ്പം ചേര്‍ന്ന പ്രത്യക്ഷ സമരത്തിനില്ലെന്നാണ് മുസ്ലിം ലീഗ് നിലപാട്.

Read more

സ്‌കൂള്‍ സമയമാറ്റത്തില്‍ എല്ലാ മതപണ്ഡിതരുമായി കൂടിയാലോചിച്ച് ലീഗ് വ്യക്തമായ തീരുമാനത്തില്‍ എത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചു. എട്ടു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അര മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വര്‍ധിച്ചത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം. സ്‌കൂള്‍ സമയം കൂട്ടിയതില്‍ പുനരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഈ ഉത്തരവ്.