ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് ഇടത് ചൂണ്ടുവിരലിന് പരിക്കേറ്റതിനാൽ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിന്റെ ശേഷിക്കുന്ന സമയത്ത് അദ്ദേഹം വിക്കറ്റ് കീപ്പർ ആയിരിക്കില്ല. വ്യാഴാഴ്ച ആദ്യ ദിവസം പന്തിന് ഇടതു ചൂണ്ടുവിരലിന് പരിക്കേറ്റിരുന്നു. പന്തിന് വേദന അനുഭവപ്പെട്ടെങ്കിലും ഓവർ അവസാനിക്കുന്നതുവരെ കീപ്പർ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷം ധ്രുവ് ജുറലിന് താരം ഗ്ലൗസ് കൈമാറി. താരം രണ്ടാം ദിനം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
“ഋഷഭ് പന്ത് ഇടതു ചൂണ്ടുവിരലിലെ പരിക്കിൽ നിന്ന് ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല. ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തിന്റെ പുരോഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിവസം ധ്രുവ് ജുറൽ വിക്കറ്റ് കീപ്പർ ആയി തുടരും,” ബിസിസിഐ മാധ്യമക്കുറിപ്പിൽ പറഞ്ഞു.
കളി തുടങ്ങുന്നതിനു മുമ്പുള്ള രണ്ടാം ദിവസം രാവിലെ, പന്ത് ചില പതിവ് വ്യായാമങ്ങൾ പരീക്ഷിച്ചു. പക്ഷേ ഒരിക്കലും പൂർണ്ണമായും സുഖകരമായി തോന്നിയില്ല, രണ്ടാം ദിവസം അദ്ദേഹം കളത്തിലിറങ്ങില്ലെന്ന് ഇതിലൂടെ വ്യക്തമായിരുന്നു.
Read more
ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഋഷഭ് പന്തിന് ഒന്നാം ദിവസത്തെ രണ്ടാം സെഷനിൽ ജസ്പ്രീത് ബുംറയുടെ പന്ത് എടുക്കുന്നതിനിടെയാണ് ഇടതു ചൂണ്ടുവിരലിന് പരിക്കേറ്റത്. പന്തിന് ഉടൻ തന്നെ അസ്വസ്ഥത അനുഭവപ്പെടുകയും വൈദ്യസഹായം തേടേണ്ടി വരികയും ചെയ്തു. കുറച്ചുനേരം അദ്ദേഹം തുടർന്നെങ്കിലും ഒടുവിൽ കളം വിട്ടു.