'ജയ് ബാലയ്യാ' എന്ന് ആദ്യം കേട്ടത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച്'; ഞാനും അഭിമന്യുവും ഒക്കെ ഒരേ വൈബ്: നന്ദമൂരി ബാലകൃഷ്ണ

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചേ താന്‍ ‘ജയ് ബാലയ്യാ’ എന്ന മുദ്രാവാക്യം കേട്ടുവെന്ന് തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. താരത്തെ ആരാധകര്‍ സ്‌നേഹത്തോടെ ‘ബാലയ്യ’ എന്നാണ് വിളിക്കാറുള്ളത്. താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാനായി ‘ജയ് ബാലയ്യാ’ എന്ന മുദ്രാവാക്യവും ആരാധകര്‍ മുഴക്കാറുണ്ട്. ഈ മുദ്രാവാക്യത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.

”അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ആ മുദ്രാവാക്യം കേട്ടത്. അഭിമന്യു കേട്ടത് പോലെ. കുരുക്ഷേത്ര യുദ്ധത്തില്‍ പത്മവ്യൂഹത്തിനകത്തേക്ക് എങ്ങനെ പ്രവേശിക്കണമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ അഭിമന്യു കേട്ടില്ലേ. അതുപോലെ ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഇത് ആദ്യമായി കേട്ടത്” എന്നാണ് ബാലയ്യയുടെ വാക്കുകള്‍.

അതേസമയം, ‘അഖണ്ഡ 2’ ആണ് ബാലകൃഷ്ണയുടെതായി ഇനി റിലീസിന് എത്തുന്നത്. ഡിസംബര്‍ 5ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ അഖണ്ഡയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 120 കോടിയിലേറെ സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

കേരളത്തിലും ബാലകൃഷ്ണക്ക് ആരാധകരുണ്ടായി തുടങ്ങിയത് അഖണ്ഡക്ക് ശേഷമാണ്. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ആദി പിനിഷെട്ടിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ബാലകൃഷ്ണയുടെ ട്രേഡ്മാര്‍ക്ക് ഐറ്റമായ ഓവര്‍ ദ് ടോപ് ഫൈറ്റുകളുടെ വലിയൊരു ശേഖരം അഖണ്ഡ 2 വിലുണ്ട്.

ബൗണ്‍സ് ചെയ്ത് വരുന്ന ശൂലമെടുത്ത് വില്ലനെ കുത്തുക, ഒരു ഗദ കൊണ്ട് നാല് വില്ലന്മാരെ അടിച്ച് തെറിപ്പിക്കുക, ശൂലം കൊണ്ട് വില്ലനെ അടിച്ച് പറപ്പിക്കുക തുടങ്ങിയ ഗംഭീര ആക്ഷന്‍ സീനുകളും പുറത്തെത്തിയ ട്രെയ്‌ലറിലും ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലകൃഷ്ണയുടെ മെഗാ മാസ് അവതാരം തന്നെയാകും അഖണ്ഡ 2.