എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടന്മാരായ റാണ ദഗുബതിയും ദുല്‍ഖര്‍ സല്‍മാനും. ഒമ്പത് മണിക്ക് വന്നിട്ട് അഞ്ച് മണിക്ക് പോകാന്‍ ഇത് ഫാക്ടറി ഒന്നുമല്ല, ഇത്തരമൊരു സംവിധാനം ചലച്ചിത്ര നിര്‍മാണത്തില്‍ പ്രാവര്‍ത്തികമല്ല എന്നാണ് റാണ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
”ഇതൊരു ജോലിയല്ല, ഇതൊരു ലൈഫ്‌സ്‌റ്റൈല്‍ ആണ്. ഒന്നുകില്‍ അത് വേണമോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഓരോ സിനിമയും ആവശ്യപ്പെടുന്നത് ഓരോന്നാണ്. മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ വലിയ സിനിമകള്‍ ചെയ്ത് വിജയമാക്കുന്നത് അതിന് വേണ്ട രീതിയിലുള്ള ബജറ്റില്‍ സിനിമ ചെയ്യാന്‍ സാധിക്കുന്നതു കൊണ്ടാണ്. ബജറ്റ് മാത്രമേ നമുക്ക് നിയന്ത്രിക്കാനാകുകയുള്ളൂ. അതിന് പുറമേയുള്ള ചെലവുകള്‍ നിയന്ത്രിക്കേണ്ടത് ഓരോ താരങ്ങളുടെയും ഉത്തരവാദിത്വമാണ്.”
”ഒരു പരിധിക്കപ്പുറത്തേക്കുള്ള ലക്ഷ്വറി ഓരോ താരത്തിനും അനുവദിക്കുന്നതിന് ലിമിറ്റുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. പക്ഷേ ഒരു പരിധിക്കപ്പുറമുള്ള ലക്ഷ്വറി സെറ്റിങ് അതാത് താരങ്ങളുടെ ഉത്തരവാദിത്വമാണ്. ഇപ്പോള്‍ തെലുങ്കിലെ പല വന്‍ താരങ്ങള്‍ക്കും സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുണ്ട്. അതുകൊണ്ട് തന്നെ ഒരു സിനിമയില്‍ എത്രത്തോളം ബജറ്റ് കുറക്കാന്‍ സാധിക്കുമെന്ന ബോധ്യം അവര്‍ക്കുണ്ട്. നിശ്ചിത സമയം മാത്രം ആവശ്യപ്പെടാന്‍ അവര്‍ക്ക് തോന്നാറില്ല.”
”പറഞ്ഞ സമയത്തിനുള്ളിലോ അല്ലെങ്കില്‍ അതിന് മുന്‍പോ സിനിമ തീര്‍ക്കാനായാല്‍ നല്ലത് എന്ന് മാത്രമേ ഈ താരങ്ങള്‍ ചിന്തിക്കുകയുള്ളൂ. സിനിമ എന്നത് ഒരു ലൈഫ് സ്‌റ്റൈല്‍ പോലെയാണ്. ഒമ്പത് മണിക്ക് സെറ്റില്‍ വന്നിട്ട് അഞ്ച് മണിയാകുമ്പോള്‍ പോകാന്‍ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ. ഒരു സ്ഥലത്ത് നമ്മള്‍ എട്ട് മണിക്കൂര്‍ ഇരുന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മികച്ചത് പുറത്തുവരുന്നത് പോലെയല്ല ഇത്. ഇതില്‍ ബന്ധപ്പെട്ട ആളുകള്‍ ഒരു കഥ സൃഷ്ടിക്കുകയാണെന്ന് മനസിലാക്കി കൊണ്ട് അതിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ അത് സംഭവിക്കില്ല” എന്നാണ് റാണയുടെ വാക്കുകള്‍.
റാണയെ പിന്തുണച്ചു കൊണ്ടാണ് ദുല്‍ഖറിന്റെ പ്രതികരണം. ”മലയാളത്തില്‍, നമ്മള്‍ ഷൂട്ടിങ് തുടര്‍ന്നു കൊണ്ടേയിരിക്കും. അത് എപ്പോള്‍ തീരുമെന്ന കാര്യം നമുക്ക് അറിയില്ല. പക്ഷേ അത് ഭയങ്കര മികച്ചതായിരിക്കും അതുപോലെ കഠിനവും. എന്റെ ആദ്യ തെലുങ്ക് സിനിമ ചെയ്തപ്പോള്‍, ആ സമയത്താണ് എന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായി ഷൂട്ട് കഴിഞ്ഞ് ആറ് മണിക്ക് ഞാന്‍ വീട്ടിലേക്ക് പോകുന്നത്. തമിഴിലേക്ക് വന്നാല്‍ അവിടെയും വ്യത്യസ്തമാണ്. അവിടെ രണ്ടാമത്തെ ഞായറാഴ്ചകളെല്ലാം അവധിയാണ്” എന്നാണ് ദുല്‍ഖര്‍ പറയുന്നത്.
Read more
അതേസമയം, വിപ്ലവകരമായ തീരുമാനം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയതാണ് ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്ന ആവശ്യം. നിരവധി താരങ്ങളും ദീപികയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ തുടര്‍ന്ന് ദീപികയെ ‘സ്പിരിറ്റ്’, ‘കല്‍ക്കി 2’ എന്ന ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു.







