പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. കേസിൽ കോടതി ഈ മാസം പത്തിന് വിധി പറയും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല.
ബെംഗളുരുവിൽ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയെ വിവാദവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് രാഹുലിനെതിരായ രണ്ടാമത്തെ കേസ്. ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസിക്കു നൽകിയ പരാതി പിന്നീടു ഡിജിപിക്കു കൈമാറിയതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബലാത്സംഗക്കേസ് എടുത്തത്. അവധിക്കു നാട്ടിൽ എത്തിയപ്പോൾ വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
അതേസമയം രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നും, വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരി പറയുന്നത്. എസ് പി പൂങ്കുഴലിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ നൽകി.







