കോണ്‍ഗ്രസിന്റെ ഇടത് നയസമീപനങ്ങളില്‍ നിന്ന് ഇന്ത്യ മാറി; ലണ്ടനില്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തി ശശി തരൂര്‍

ലണ്ടനില്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തി ശശി തരൂര്‍ എംപി. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. 78 വര്‍ഷത്തിനിടെ രാജ്യത്തിന്റെ അടിസ്ഥാന നയങ്ങള്‍ മാറി. വിദേശ നയത്തിലും രാഷ്ട്രീയത്തിലും അത് പ്രതിഫലിക്കുന്നു. ശക്തമായ ദേശീയതയാണ് ബിജെപി സര്‍ക്കാരിന് കീഴിലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

2047 ലെ ഇന്ത്യ എന്ന വിഷയത്തില്‍ ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. കോണ്‍ഗ്രസിന്റെ ഇടത് നയസമീപനങ്ങളില്‍ നിന്ന് ഇന്ത്യ മാറി. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണത്തിലേക്കുമുള്ള മാറ്റം ഗുണകരമെന്നും തരൂര്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.

Read more

കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. അതിന്റെ നേട്ടങ്ങള്‍ കാണാനുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട്‌പോയി. നരേന്ദ്ര മോദിയെ കരിസ്മാറ്റിക് ലീഡറെന്നും തരൂര്‍ വിശേഷിപ്പിച്ചു. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പ്രവൃത്തികള്‍ അക്കമിട്ട് നിരത്തി ലേഖനമെഴുതിയതിന്റെ അലയൊലി തീരുന്നതിന് മുന്നെയാണ് തരൂര്‍ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്.