കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതിയിൽ വനംവകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരനായ വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എഎ മുഹമ്മദ് ഹാഷിമിൻ്റെ മൊഴി രേഖപ്പെടുത്തും. 21ന് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുന്നിൽ ഹാജരാകാൻ ഹാഷിമിന് വനംവകുപ്പ് നോട്ടീസയച്ചു. തെളിവുകൾ കൈവശമുണ്ടെങ്കിൽ അവ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാൻ പാടില്ല. വനം- വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ രണ്ടാം ഭാഗത്തിലാണ് പുലി ഉൾപ്പെട്ടിട്ടുള്ളത്.
Read more
റാപ്പർ വേടൻ (ഹിരൺദാസ്) പുലിപ്പല്ല് കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയർന്നുവന്നത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നൽകിയിരുന്നത്. ഈ പരാതി പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.