സ്കിസോഫ്രീനിയ എന്ന രോഗത്തേക്കാളും നൂറ് മടങ്ങ് ഭീകരമാണ് അതിനോടുള്ള മുൻവിധി

ഡോ.തോമസ് മത്തായി കയ്യാനിക്കൽ

ഇന്ന് സ്കിസോഫ്രീനിയ(Schizophrenia) ദിനം. സ്കിസോഫ്രീനിയ എന്ന psychotic disorderനെ കുറിച്ച് വേറെ സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടർമാർക്ക് പോലും വലിയ ധാരണയില്ലാ എന്നതാണ് സത്യം. അത് കൊണ്ട് തന്നെ പലപ്പോഴും തെറ്റായി ഡയഗ്നോസ് ചെയ്യപ്പെടാറുണ്ട്, ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ സ്കിസോഫ്രീനിയ എന്ന് പറഞ്ഞ് റെഫർ ചെയ്യാറുമുണ്ട്. സൈക്യാട്രിയുടെ തുടക്കം മുതൽക്കേ, ഇത്രയധികം വെല്ലുവിളികൾ ഉയർത്തിയ മറ്റൊരു മനോരോഗം ഇല്ലാ എന്ന് പറയാം.

Delusions, hallucinations, negative and cognitive symptoms അങ്ങനെ വലിയൊരു spectrum ആണ് ഈ രോഗത്തിന്റേത്. ഇതിന്റെ യഥാർത്ഥ ഭീകരത പറഞ്ഞ് മനസ്സിലാക്കാൻ പാടാണ്. നമുക്കോ നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലുമോ വന്നിട്ടുണ്ടെങ്കിൽ മനസ്സിലായേക്കും. സ്വന്തം രോഗാവസ്ഥയിലേക്ക് രോഗിക്ക് insight ഇല്ലെന്നതാണ് ഈ ഡിസോർഡറിന്റെ പ്രത്യേകത. എത്ര മാരകമായ രോഗം ബാധിച്ച വ്യക്തിക്ക് ആണേലും, ആ രോഗത്തെ കുറിച്ച് insight ഉണ്ടെങ്കിൽ, തന്റെ രോഗവസ്ഥയെ accept ചെയ്യാനും അതിനോട് പോരാടുവാനും ഉള്ള ഉൾക്കരുത്ത് കിട്ടും. പക്ഷേ സ്കിസോഫ്രീനിയയിൽ ആ ഉൾക്കാഴ്ച ആണ് ആദ്യമേ നഷ്ടപ്പെടുന്നത്. എത്ര ക്രൂരമാണല്ലേ? പരിപൂർണ്ണമായും രോഗത്തിന് കീഴ്‌പെട്ട് , സ്വന്തം സെൽഫ്‌ തന്നെ നഷ്ടപ്പെട്ട്, ജീവനില്ലാത്ത കണ്ണുകളുമായി തെരുവുകളിൽ അലഞ്ഞ് നടക്കുന്ന സ്കിസോഫ്രീനിയ രോഗികളെ നാം അനുദിനം കാണുന്നുണ്ട്, പക്ഷേ നമ്മുടെ മനസ്സിൽ പതിയാറില്ലെന്നേ ഉളളൂ.

എന്ത് കൊണ്ട് സ്കിസോഫ്രീനിയവരുന്നു എന്നത് ഇന്നും സയൻസിന് വ്യക്തമല്ല. Genetic ആവാം, immunological ആവാം, കുറെ theories ഉണ്ട്. ലോകമെമ്പാടും റീസേർച്ച് നടക്കുന്ന ഏരിയ ആണെങ്കിലും, പെട്ടെന്നൊരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷ നിലവിൽ ശാസ്ത്രലോകത്തിനില്ലാ. പക്ഷേ ഈ വസ്തുതയെക്കാളും നിരാശ തോന്നുന്നത്, ഞാനും നിങ്ങളും അംഗമായിരിക്കുന്ന സമൂഹത്തിൽ സ്കിസോഫ്രീനിയ രോഗികൾ നേരിടുന്ന ഒറ്റപ്പെടലിനെ കുറിച്ചോർക്കുമ്പോളാണ്.

ക്രൂരമായി മർദിക്കപ്പെട്ട അവസ്ഥയിലാണ് പലപ്പോഴും ഇങ്ങനെയുള്ള രോഗികളെ ഒപിയിൽ കൊണ്ട് വരാറുള്ളത് തന്നെ. Persecutory delusions ഉള്ള ഒരു രോഗി ചുറ്റുമുള്ളവർ തന്റെ ശത്രുക്കൾ ആണെന്ന് പറയാൻ സാദ്ധ്യതയുണ്ട്. അതയാളുടെ രോഗത്തിന്റെ ഭാഗമാണ് എന്ന് അറിയുന്നവർ പോലും കൈ വെക്കാൻ ഒരു ചാൻസ് കിട്ടിയാൽ വിടാറില്ല. മറ്റാർക്കും കേൾക്കാത്ത ശബ്ദങ്ങളെ കുറിച്ചും അവരെ കൊല്ലാനുള്ള ഗൂഢാലോചനകളെ കുറിച്ചുമൊക്കെ ആകുലപ്പെടുമ്പോൾ, അല്പം പോലും empathy ഇല്ലാതെ, എന്തോ വലിയ തമാശ കേട്ട പോലെ കളിയാക്കി ചിരിക്കുന്ന ബന്ധുക്കളേയും ചില ഹോസ്പിറ്റൽ സ്റ്റാഫിനേയും കാണാറുണ്ട്. ഇനി, ചികിത്സയെല്ലാം പൂർത്തിയാക്കി രോഗിയെ തിരിച്ച് വീട്ടിൽ കൊണ്ടുപോവാനായി അടുത്ത ബന്ധുക്കളെ വിളിച്ച് വരാൻ പറഞ്ഞാൽ, അതിൽ താല്പര്യം കാണിക്കുന്നവർ നന്നേ കുറവ്. പലരും ഒരു നൂറ് വട്ടം ഫോൺ ചെയ്താലാണ് എടുക്കുക തന്നെ. അസുഖം ഭേദമായി തിരിച്ചെത്തിയിട്ടും സമൂഹത്തിൽ നിന്നുള്ള മാറ്റിനിർത്തൽ താങ്ങാൻ വയ്യാതെ ആത്മഹത്യക്ക് വരെ ശ്രമിക്കുന്നവരുണ്ട്. അസുഖത്തേക്കാളും അവർക്ക് സഹിക്കാൻ പറ്റാത്തത് സമൂഹത്തിന്റെ ഈ alienating ആറ്റിട്യൂടാണ്.

ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ എന്ന് സംശയം തോന്നുന്നവർ, ദയവായി ഇവിടുത്തെ മെന്റൽ ഹോസ്പിറ്റലുകളും റീഹാബ് സെന്ററുകളും ഒന്ന് സന്ദർശിക്കുക. അങ്ങേയറ്റം വൃത്തി ഹീനമായും, എല്ലാ ഹ്യൂമൻ റൈറ്റ്സ് ആശയങ്ങളും കാറ്റിൽ പറത്തി, മൃഗശാലകളെക്കാൾ കഷ്ടമായാണ് പലതും നടത്തി കൊണ്ടുപോകുന്നത്. ഇതിലൊന്നും ഒരു മാറ്റം വരുത്താൻ നേതാക്കന്മാരോ രാഷ്ട്രീയക്കാരോ താല്പര്യം കാണിക്കാറില്ല. കൃത്യമായി തങ്ങൾക്ക് തന്നെ വോട്ട് ചെയ്യും എന്ന് ഉറപ്പ് തരാൻ കഴിയാത്തവരെ സഹായിച്ചിട്ട് എന്ത് കിട്ടാൻ അല്ലേ.

Read more

ഒരു കാര്യം വ്യക്തമാണ്. സ്കിസോഫ്രീനിയ എന്ന രോഗത്തേക്കാളും നൂറ് മടങ്ങ് ഭീകരമാണ് അതിനോട് നമുക്കുള്ള സ്റ്റിഗ്മ. നമ്മുടെ യഥാർത്ഥ പോരാട്ടം ആ സ്റ്റിഗ്മ ഇല്ലായ്മ ചെയ്യാൻ ആയിരിക്കണം.