ടെക്നളോജിയ..., ഓസീസ്-വിൻഡീസ് മത്സരം തടസപ്പെടുത്തി നായ; ഓടിക്കാൻ ബ്രോഡ്കാസ്റ്റേഴ്സ് ചെയ്തത്- വീഡിയോ വൈറല്‍

ഗ്രനേഡയില്‍ ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തില്‍ ഒരു അസാധാരണ നിമിഷം താല്‍ക്കാലികമായി കളി നിര്‍ത്തിവെച്ചു. ഒരു തെരുവ് നായ പിച്ചിലേക്ക് അതിക്രമിച്ചു കയറിയതോടെയാണ് ഈ സാഹചര്യമുണ്ടായത്.

33-ാം ഓവറില്‍ റോസ്റ്റണ്‍ ചേസിനെ ജോഷ് ഹേസല്‍വുഡ് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. കളിക്കാരായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും അതിനെ മൈതാനത്തിന് പുറത്തേക്ക് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നായ പിന്മാറിയില്ല.

നായയെ പേടിപ്പിച്ച് ഓടിക്കാൻ ഒരു ഡ്രോൺ വിന്യസിച്ചുകൊണ്ട് ബ്രോഡ്കാസ്റ്റേഴ്സ് ഒരു സവിശേഷ പരിഹാരവുമായി രംഗത്തെത്തി. ഡ്രോൺ പറന്നുയർന്ന് നായയെ ഞെട്ടിച്ചു. ഇതോടെ നായ വിരണ്ട് ഗ്രൗണ്ടിൽനിന്നും പിന്മാറി. ഇതോടെ മത്സരം പുനരാരംഭിക്കാനായി.

ഈ നിമിഷം കളിക്കാരിലും ആരാധകരിലും ഒരുപോലെ ചിരി പടർത്തി. “ഒരു രോമമുള്ള സുഹൃത്തിന്റെ ഒരു ചെറിയ കടന്നുകയറ്റം” എന്ന് വിശേഷിപ്പിച്ച് വിൻ‌ഡീസ് ക്രിക്കറ്റ് സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്..