ഫാസ്റ്റ് & ഫ്യൂരിയസ്, എഫ് 1 പോലുളള സിനിമകൾ ചെയ്യാൻ താത്പര്യമുണ്ട്, തന്റെ ആ​ഗ്രഹം തുറന്നുപറഞ്ഞ് അജിത്ത് കുമാർ

സിനിമകൾക്കൊപ്പം തന്നെ തന്റെ റേസിങ് കരിയറിനും വലിയ പ്രാധാന്യം നൽകാറുളള താരമാണ് അജിത്ത് കുമാർ. കാറോട്ട മത്സരങ്ങളിൽ പങ്കെടുത്തുളള സൂപ്പർതാരത്തിന്റെ വീഡിയോകളെല്ലാം അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങായിരുന്നു. നിലവിൽ റേസിങ് ഫീൽഡിലാണ് അജിത്ത് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം റേസിങ് തീമിലുളള ഒരു സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന ചോദ്യത്തിന് സൂപ്പർതാരം നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു.

അങ്ങനെയൊരു കോൾ വരികയാണെങ്കിൽ ചെയ്യുമെന്നായിരുന്നു താരത്തിന്റെ മറുപടി. ഫാസ്റ്റ് & ഫ്യൂരിയസിന്റെയോ അല്ലെങ്കിൽ എഫ് 1ന്റെയോ സീക്വൽ പോലെയുളള സിനിമകളിൽ അഭിനയിക്കാനുളള താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു. സാധാരണയായി ഞാൻ സിനിമകളിൽ എന്റെ സ്വന്തം സ്റ്റണ്ട് പ്രകടനം കാഴ്ചവയ്ക്കാറുണ്ട്, അതിനാൽ ഒരു കോൾ വരികയാണെങ്കിൽ തീർച്ചയായും ചെയ്യുമെന്ന് അജിത്ത് പറഞ്ഞു.

Read more

സ്പോർട്സ് പ്രമേയമാക്കികൊണ്ടുളള ഒരു മുഴുനീള സിനിമ അജിത്ത് തന്റെ കരിയറിൽ ഇതുവരെ ചെയ്തിട്ടില്ല. എന്നാൽ മങ്കാത്ത, വലിമൈ, ​ഗുഡ് ബാ‍ഡ് അ​ഗ്ലി പോലുളള സിനിമകളിൽ റേസിങ് സ്റ്റണ്ട് ചെയ്ത് ആരാധക പ്രശംസ നേടിയിട്ടുണ്ട് സൂപ്പർതാരം. അജിത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ​ഗുഡ് ബാഡ് അ​ഗ്ലി തിയ്യേറ്ററുകളിൽ നിന്ന് വൻവിജയമാണ് നേടിയത്.