'രാജ്യത്ത് ചിലര്‍ക്കിടയില്‍ മാത്രം സമ്പത്ത് കുമിഞ്ഞുകൂടുന്നു, ദരിദ്രരുടെ എണ്ണമേറുന്നു'; ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് നിതിന്‍ ഗഡ്കരി; മോദി- അദാനി ബന്ധം ചര്‍ച്ചയാകുന്ന കാലത്ത് സാമ്പത്തിക അസമത്വത്തെ കുറിച്ച് തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി

കോര്‍പ്പറേറ്റ് മുതലാളിമാരുടേയും ചങ്ങാത്ത മുതലാളിത്തതിന്റെ കാലത്ത് രാജ്യത്തെ സാമ്പത്തിക അസമത്വത്തെ കുറിച്ച് തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് ദാരിദ്ര്യം അമര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് ബിജെപി ഭരണം കൊട്ടിഘോഷിക്കുമ്പോള്‍ രാജ്യത്തെ ദാരിദ്ര നിലവാരത്തെ കുറിച്ചും സാമ്പത്തിക അസമത്വത്തെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നിനൊപ്പം സമ്പത്ത് കുറച്ചാളുകളില്‍ കുമിഞ്ഞുകൂടുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയാണെന്ന് നാഗ്പൂരിലാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്.

പാവപ്പെട്ടവരുടെ എണ്ണം പതിയെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒപ്പം സമ്പത്ത് ചില ഉന്നതരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നും തുറന്നുസമ്മതിച്ച നിതിന്‍ ഗഡ്കരി ഇങ്ങനെ സംഭവിച്ചുകൂടായെന്നും ചൂണ്ടിക്കാണിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് രാജ്യത്തെ സാമ്പത്തിക അസമത്വത്തെ കുറിച്ച് നിതിന്‍ ഗഡ്കരി ആശങ്കാകുലനായത്. ഇന്ത്യയുടെ വികസനം അളക്കേണ്ടത് ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) സംഖ്യകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്നും രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ഗ്രാമീണ സമൂഹങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരിക്കണമെന്നും ഗഡ്കരി പറഞ്ഞു.

നിര്‍മാണ മേഖല 22-24 ശതമാനം, സേവന മേഖല 52-54 ശതമാനം എന്നിങ്ങനെ ജിഡിപിയിലേക്ക് വിവിധ മേഖലകള്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ചും കേന്ദ്രഗതാഗതമന്ത്രി പരാമര്‍ശിച്ചു. ഗ്രാമീണ ജനസംഖ്യയില്‍ 65-70 ശതമാനം പേര്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെടുമ്പോഴും ആ മേഖല ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നത് 12 ശതമാനം മാത്രമാണെന്നും ഗഡ്കരി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ വളരേണ്ടത് ഗ്രാമീണ മേഖലയില്‍ വികസനവും ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിച്ചു കൊണ്ടാവണമെന്നും ഗഡ്കരി പറഞ്ഞു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഒരു ഉത്തേജനം നല്‍കുന്നതിനും സഹായിക്കുന്ന ഒരു സാമ്പത്തിക ഓപ്ഷന്‍ ഞങ്ങള്‍ നോക്കുകയാണ്. സമ്പത്തിന്റെ വികേന്ദ്രീകരണത്തിന്റെ ആവശ്യകതയുണ്ട്, ആ ദിശയില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചുകൊണ്ട് ഗഡ്കരി പറഞ്ഞു, ‘വയറ് വിശന്നിരിക്കുന്ന ഒരാളെ തത്ത്വചിന്ത പഠിപ്പിക്കാന്‍ കഴിയില്ല.’ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സമൂഹത്തിലെ പങ്കിനെ അദ്ദേഹം എടുത്തുകാട്ടി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ക്ക് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ എഞ്ചിനുകളാകാന്‍ കഴിയുമെന്നും നമ്മുടെ സമ്പദ്വ്യവസ്ഥ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു. ഇത് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലും ജിഎസ്ടി സബ്മിഷനുകളിലും മാത്രമല്ലെന്നും അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഗതാഗത മേഖലയിലെ സ്വന്തം സംരംഭങ്ങള്‍ എടുത്തുകാട്ടാനും ഗഡ്കരി മടിച്ചില്ല.

സാമ്പത്തിക അസമത്വത്തെ കുറിച്ച് ഗഡ്കരി തുറന്നുസമ്മതിക്കുന്ന ഈ കാലത്ത് ഏറ്റവും അധികം ചര്‍ച്ച നടക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഭരണാധികാരിയും രാജ്യത്ത് സമ്പന്നരുടെ പട്ടികയില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനക്കാരനായി ഉയര്‍ന്ന അദാനിയും തമ്മിലുള്ള സൗഹൃദബന്ധമാണെന്നതും ശ്രദ്ധേയമാണ്. തന്റെ ഫിന്യാന്‍ഷ്യറെ സഹായിക്കാന്‍ ഒരു ഭരണാധികാരി ഒരുമ്പെട്ടിറങ്ങിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ഒരു ദശകക്കാലയളവിലെ ഗൗതം അദാനിയുടെ വളര്‍ച്ച. ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍, ഊര്‍ജ്ജോത്പാദന സംവിധാനങ്ങള്‍, പ്രതിരോധ വ്യവസായങ്ങള്‍ എന്നീ മേഖലകളിലൊട്ടാകെ യാതൊരു മത്സരവും ബാധകമല്ലാത്ത രീതിയില്‍ അദാനി മുന്നേറ്റം തുടരുകയാണ്. ഏറ്റവുമൊടുവില്‍ ആണവോര്‍ജ്ജ മേഖലയിലേക്കുള്ള സ്വകാര്യ കമ്പനികളുടെ പ്രവേശനം സാധ്യമാക്കുന്ന പുതിയ നിയമ നിര്‍മ്മാണത്തിന്റെ ഗുണഭോക്താവും ഗൗതം അദാനി തന്നെയായിരിക്കും എന്ന് ഉറപ്പായിരിക്കുന്നു.

Read more