നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...': മോഹൻലാലിന് വാക്ക് നൽകി ജൂഡ് ആൻ്റണി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് വിസ്മയ മോഹൻലാൽ. ഇതൊരു നിയോഗമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവച്ച ജൂഡിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി… കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ.

എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് “ ”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ..’എന്നാണ് ജൂഡ് കുറിച്ചത്.

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് വിസ്മയ മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. സിനിമയുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടത്.

‘തുടക്കം’ എന്നാണ് സിനിമയുടെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

Read more