റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്; എക്സിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്രം

അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗഅക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. നിയമപരമായ കാരണത്താൽ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിക്കുന്നു എന്നായിരുന്നു വിശദീകരണം. അതേസമയം അക്കൗണ്ട് മരവിപ്പിച്ചതിൽ എക്സിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം റോയ്ട്ടേഴ്സുമായി ബന്ധപ്പെട്ട റോയിട്ടേഴ്സ് ചൈന, റോയിട്ടേഴ്സ് ഏഷ്യ, റോയിട്ടേഴ്സ് ടെക് ന്യൂസ് തുടങ്ങിയ അക്കൗണ്ടുകൾ ഇപ്പോഴും ഇന്ത്യയിൽ ലഭ്യമാണ്. നിയമപരമായ ആവശ്യത്തെ തുടർന്നാണ് നടപടിയെന്നാണ് എക്സ് പറയുന്നത്.

ഓപ്പറേഷൻ‌ സിന്ദൂറിനിടെ റോയിട്ടേഴ്സിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഉത്തരവാണ് എക്‌സ് ഇപ്പോൾ നടപ്പാക്കിയതെന്നാണ് കരുതുന്നതെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു. ഇന്ന് മുതലാണ് റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്.

Read more