കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍പോയി 10 ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാതെ കേരള പൊലീസ് നില്‍ക്കുമ്പോള്‍ ഇടതും വലതും ആരോപണ പ്രത്യാരോപണങ്ങളിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ രാഷ്ട്രീയ നേട്ടത്തിനായാണോ അറസ്റ്റ് വൈകിക്കുന്നതെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ഇടത് ക്യാമ്പുകള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ബെംഗളൂരുവില്‍ ഒളിവില്‍ തങ്ങുകയാണെന്ന് ആരോപിക്കുമ്പോള്‍ ഇടത് സര്‍ക്കാരിന് വേണ്ടി തിരഞ്ഞെടുപ്പിന്റെ തലേദിവസം അറസ്റ്റ് ചെയ്യാനായി പൊലീസ് അറസ്റ്റ് വൈകിപ്പിച്ചതാണെന്ന വാദം കോണ്‍ഗ്രസ് ഉയര്‍ത്തുന്നു.

ബംഗലൂരിവില്‍ ഉന്നതബന്ധങ്ങളുടെ മറവില്‍ ഒളിവില്‍ കഴിയുകയാണ് രാഹുലെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. നവംബര്‍ 27നാണ് രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി പൊലീസിനു കൈമാറിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍പോയി. ആദ്യമെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തില്‍ ഒളിയിടം കണ്ടെത്തിയപ്പോള്‍ എവിടെയാണെന്ന് ധാരണയുണ്ടായിട്ടും അറസ്റ്റിന് പൊലീസ് തിടുക്കം കൂട്ടിയില്ലെന്നാണ് വിമര്‍ശനം. എന്നാല്‍ പിന്നീട് കര്‍ണാടകയിലേക്ക് കടന്ന രാഹുല്‍ എവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ല.

കര്‍ണാടകയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും അധികൃതരുടെയും സംരക്ഷണ വലയം ഭേദിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ പൊലീസിനു കഴിയുന്നില്ലെന്നാണ് ഇടത് സൈബറിടങ്ങളില്‍ പറയുന്നത്. കേരള പൊലീസ് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ വിവരം രാഹുലിലെത്തി അടുത്ത ലൊക്കേഷനിലേക്ക് രാഹുല്‍ പോയെന്നും കൃത്യമായ പ്ലാനിങിലാണ് രാഹുല്‍ നീങ്ങുന്നതെന്നും അന്വേഷണ സംഘം പറയുന്നു. ബെംഗളൂരുവിലെ ഫാം ഹൗസുകളിലാണ് രാഹുലിന്റെ ഒളിവു ജീവിതമെന്ന് പൊലീസ് പറയുന്നു. ഉന്നതരുടെ ഫാം ഹൗസുകളില്‍ പരിശോധന നടത്താന്‍ തടസ്സങ്ങളുണ്ട്. കര്‍ണാടക പൊലീസിന്റെ സഹകരണം ലഭിക്കുന്നുമില്ലെന്നും അന്വേഷണ സംഘം പറയുന്നു. കര്‍ണാടകയിലെ ഉന്നത ഉദ്യോഗസ്ഥരെ കേരളത്തില്‍നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്നാണ് പൊലീസ് സംഘത്തിന്റെ നിലപാട്. പത്തോളം ഒളിത്താവളങ്ങള്‍ രാഹുല്‍ ഇതിനകം മാറിയതായി പൊലീസിനു വിവരം ലഭിച്ചുവെന്നും ഒരു പ്രാവശ്യം പിടികൂടാന്‍ കഴിയുന്നത്ര അടുത്തെത്തിയിട്ടും രാഹുല്‍ മുങ്ങിയെന്നും പൊലീസ് പറയുന്നു.

Read more

പരാതി ലഭിച്ചയുടനെ രാഹുലിനെ അറസ്റ്റു ചെയ്യാനുള്ള അവസരം പൊലീസ് ഉപയോഗപ്പെടുത്തിയില്ലെന്ന് സേനയ്ക്കുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഹുല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതായി വിവരം ലഭിച്ചിട്ടും അറസ്റ്റിനു കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ദിവസം രാഹുലിനെ അറസ്റ്റു ചെയ്ത് രാഷ്ട്രീയ നേട്ടത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ശക്തമാക്കിയതോടെ പൊലീസിനും സര്‍ക്കാരിനും പ്രതിരോധിക്കാനാകാത്ത അവസ്ഥയായി. ഇതിനിടയില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനു (ഡിജിപി) ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈംഗികപീഡനവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. അതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.