നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ 8 തിങ്കളാഴ്ച വിധി പറയും. അതിവേഗം വിചാരണ തീര്‍ക്കണമെന്ന് സുപ്രീം കോടതി പറഞ്ഞ കേസില്‍ സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും. ആകെ പത്ത് പ്രതികളുളള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്. ബലാല്‍സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്ന കേട്ടുകേള്‍വിയില്ലാത്ത സംഭവത്തില്‍ കേരളത്തിലെ സിനിമ രംഗത്ത് നടന്ന ക്രിമിനല്‍ സംഭവം ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. പ്രഥമദൃഷ്ട കഴമ്പുണ്ടെന്ന് കണ്ടു പ്രതി ദിലീപിന് സുപ്രീം കോടതി പോലും കേസിന്റെ തുടക്കനാളുകളില്‍ ജാമ്യം നിഷേധിച്ച കേസ് ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. സ്ത്രീ സുരക്ഷാകാര്യങ്ങളിലെ നയരൂപീകരണത്തിനും മലയാള സിനിമ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതിനും വഴിയൊരുക്കിയ കേസിലാണു വിധി പറയുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപിനെതിരായ കേസ്. നടിയെ തട്ടിക്കൊണ്ടുപോയി സംഭവത്തില്‍, നേരിട്ട് പങ്കെടുത്ത ആറുപേരടക്കം പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. നടിയോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതാണ് ദിലീപിനെതിരെയുള്ള ആരോപണം. കേസില്‍ തന്നെ കുടുക്കിയതാണെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്നുമാണ് ദിലീപിന്റെ വാദം. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്.

കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിക്കുന്നത്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമന്‍, RUK അണ്ണന്‍, മീന്‍, വ്യാസന്‍ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോണ്‍ നമ്പരുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്.

വിധി പ്രസ്താവത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ അടച്ചിട്ട കോടതിയിലെ വിചാരണയിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ദിലീപ് മുഖ്യമന്ത്രിയ്ക്ക് സന്ദേശം അയച്ചുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്നത്.

‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചും കേസിന്റെ അന്വേഷണത്തിനിടയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. നടിയെ ആക്രിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും ദിലീപിനോട് ചേര്‍ന്നുള്ളവര്‍ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണസംഘം അന്ന് കണ്ടെത്തിയിരുന്നു. ‘ദിലീപിനെ പൂട്ടണം’ എന്ന് പേരില്‍ തുടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് ദിലീപിലേക്കും അടുപ്പക്കാരിലേക്കുമായിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമമായിരുന്നു ഇതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകള്‍ ഉള്ളതാണ് വാട്സ് ആപ്പ് ഗ്രൂപ്പ്. 2017-ല്‍ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഈ ഗ്രൂപ്പില്‍ ചേര്‍ത്തു. ഇതിനുപുറമെ, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികള്‍ ദിലീപിനെതിരേ ഗൂഢാലോചന നടത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വാട്സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. നടിയോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതാണ് ദിലീപിനെതിരെയുള്ള ആരോപണം. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. ബലാല്‍സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്.

2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് ഹൈക്കോടതി വനിതാ ജഡ്ജിയെ നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ആദ്യ പ്രതിപ്പട്ടികയില്‍ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. ഇത് പൂര്‍ത്തിയാക്കാന്‍ 109 ദിവസമെടുത്തു. തുടര്‍ന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി ഈ വര്‍ഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടു.

അന്തിമ വിധി പറയാന്‍ കോടതി നിശ്ചയിച്ച ദിവസം കേരളം തദ്ദേശ തിരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് എത്തുന്നതിന്റെ തലേന്നായതു പൊതുസമൂഹത്തിലും രാഷ്ട്രീയ രംഗത്തും ചര്‍ച്ചയായിട്ടുണ്ട്. 2017 ഫെബ്രുവരി 17നാണു കുറ്റകൃത്യം നടന്നത്. 2018 മാര്‍ച്ച് എട്ടിനാണു സാക്ഷി വിസ്താരം തുടങ്ങിയത്. 261 സാക്ഷികള്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയത് 833 രേഖകള്‍, 142 തൊണ്ടിമുതലുകള്‍, സാക്ഷിവിസ്താരത്തിനുമാത്രം 438 ദിവസം എന്നിവയാണ് കേസിലെ പ്രധാന കാര്യങ്ങള്‍.

പ്രതിപ്പട്ടിക

Read more

  • 1. സുനില്‍ എന്‍.എസ്. (പള്‍സര്‍ സുനി)
  • 2. മാര്‍ട്ടിന്‍ ആന്റണി
  • 3. ബി. മണികണ്ഠന്‍
  • 4. വി.പി. വിജീഷ്
  • 5. എച്ച്. സലിം (വടിവാള്‍ സലീം)
  • 6. പ്രദീപ്
  • 7. ചാര്‍ലി തോമസ്
  • 8. നടന്‍ ദിലീപ് (പി. ഗോപാലകൃഷ്ണന്‍)
  • 9. സനില്‍കുമാര്‍ (മേസ്തിരി സനില്‍)
  • 10. ജി. ശരത് (പ്രതിപ്പട്ടികയില്‍ 15-ാം സ്ഥാനത്ത്)

കേസിന്റെ നാള്‍വഴികള്‍

  • 2017 ഫെബ്രുവരി 17 – നടി ആക്രമിക്കപ്പെട്ടു.
  • ഫെബ്രുവരി 18 – ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ അറസ്റ്റുചെയ്തു.
  • ഫെബ്രുവരി 19 – വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍കൂടി അറസ്റ്റിലായി
  • ഫെബ്രുവരി 20 – മണികണ്ഠന്‍ അറസ്റ്റില്‍
  • ഫെബ്രുവരി 23 – ഒന്നാംപ്രതിയായ പള്‍സര്‍ സുനി അറസ്റ്റില്‍. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
  • ജൂണ്‍ 28 – കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യംചെയ്തു
  • ജൂലായ് 10 – ദിലീപ് അറസ്റ്റില്‍
  • ഒക്ടോബര്‍ മൂന്ന് – അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ ഹൈക്കോടതി കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം നല്‍കി
  • 2018 മാര്‍ച്ച് എട്ട് – കേസില്‍ വിചാരണനടപടി തുടങ്ങി
  • 2019 നവംബര്‍ 29 – ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
  • 2021 ഡിസംബര്‍ 25 – സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
  • 2022 ജനുവരി നാല് – ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് അനുമതി
  • 2024 സെപ്റ്റംബര്‍ 17 – പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു
  • ഡിസംബര്‍ 11 – അന്തിമവാദം തുടങ്ങി
  • 2025 ഏപ്രില്‍ ഒന്‍പത് – പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി