ലഹരി നുരയുന്ന പുരോഗമന രാഷ്ട്രീയം

കേരളമെങ്ങും ലഹരിക്കെതിരെ ജനകീയ പ്രതിരോധ നിര ഉയരുമ്പോള്‍ സി പി എമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകര്‍ ലഹരിയില്‍ ആറാടുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത് ഈ രണ്ട് സംഘടനകളും ചെന്നുപെട്ടിരിക്കുന്ന വിപത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. എസ് എഫ് ഐ യുടെ തിരുവനന്തപുരം ജി്ല്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും ഇവര്‍ മദ്യപിച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യം പുറത്ത് വന്നതിന്റെ പേരില്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരിക്കുയാണ്. ഡി വൈ എഫ് ഐ നടത്തുന്ന ലഹരി വിരുദ്ധ കാംപെയിന്റെ പരിപാടിക്ക് ശേഷം ബാറില്‍ കയറി വെള്ളമടിക്കുന്ന ഡി വൈ എഫ് ഐ നേതാവ് അഭിജിത്തിന്റെ ചിത്രവും ഇതിനിടയില്‍ പുറത്ത് വന്നു.

തുടര്‍ഭരണം ലഭിച്ചതിന് ശേഷം പാര്‍ട്ടിയില്‍ നിരവധി പുഴുക്കുത്തുകള്‍ ദൃശ്യമായിട്ടുണ്ടെന്നും, അനാരോഗ്യകരമായ പ്രവണതകള്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷം വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഇത്തരം ജീര്‍്ണ്ണതകളെ കടയോടെ വെട്ടിപുറത്ത് കളയാനുളള ജാഗ്രത കാണിക്കണമെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത്. സി പി എമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാക്കളില്‍ മദ്യപാന ശീലവും ലഹരി ഉപയോഗ ശീലവും വര്‍ധിക്കുന്നുവെന്ന് പാര്‍ട്ടി തന്നെ കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും ഗുണ്ടാ ക്വട്ടേഷന്‍ ആക്രമങ്ങളിലും യുവജന സംഘടനാ പ്രവര്‍ത്തകരുടെ പങ്ക് വര്‍ധിച്ചുവരുന്നതായും പാര്‍ട്ടി കണ്ടെത്തിയിരുന്നു.

മുന്‍ കാലങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനത്തോടെ കണ്ടിരുന്നവരായിരുന്നു ഇടതു പക്ഷ വിദ്യാര്‍ത്ഥി യുവജനസംഘടനാ പ്രവര്‍ത്തകര്‍. ഇപ്പോള്‍ എന്താണവര്‍ക്ക് പറ്റിയത്. പണ്ടൊക്കെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറി വരുമായിരുന്നു. അത് കൊണ്ട് തന്നെ അഞ്ച് വര്‍ഷം ഭരണത്തിലിരുന്നാല്‍ പിന്നെ അഞ്ച് കൊല്ലം പ്രതിപക്ഷത്തായിരിക്കും. പ്രതിപക്ഷത്താകുമ്പോള്‍ പിടിപ്പത് പണിയുമായിരിക്കും. സമരങ്ങള്‍, ലാത്തി ചാര്‍ജ്ജുകള്‍, ജയിലില്‍ പോകല്‍, സംഘടനാ പ്രവര്‍ത്തനം, എന്നാല്‍ തുടര്‍ഭരണം കിട്ടിയപ്പോള്‍ ആ സാഹചര്യം മാറി. ഇപ്പോള്‍ സമരമില്ല, ലാത്തിയടികൊള്ളേണ്ടകാര്യമില്ല, ജയിലില്‍ പോകേണ്ടതില്ല. അപ്പോള്‍ വിദ്യാര്‍ത്ഥി യുവജനസംഘടനാ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം ചിലവാക്കാന്‍ വേറെ വഴികളില്ല. അപ്പോള്‍ മദ്യപിച്ച് ഡാന്‍സ് ചെയ്യുക, അത്യവിശ്യം ഗുണ്ടാ പണിയെടുക്കുക എന്നതൊക്കെയായി അവര്‍ക്ക ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍.

വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളിലും ഇത്തരം പ്രശ്നങ്ങള്‍ കടന്ന് ചെന്നിട്ടുണ്ടെന്ന് സി പി എം സംസ്ഥാന കമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങല്‍ വര്‍ധിച്ചുവരുന്ന മദ്യഉപഭോഗത്തെക്കുറിച്ച് സി പി എം സംസ്ഥാന കമ്മിറ്റി തന്നെ പലതവണ അഭിപ്രായരൂപീകരണം നടത്തിയിട്ടുള്ളതാണ്. പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലന്ന നിര്‍ദേശം പലഘട്ടങ്ങളില്‍ നല്‍കിയിട്ടുണ്ട്.

Read more

അതോടൊപ്പം ഡി വൈ എഫ് ഐ നേതാക്കളടക്കമുള്ളവര്‍ മയക്ക് മരുന്ന് കടത്തില്‍ പങ്കാളികളായതും, അറസ്റ്റ് ചെയ്യപ്പെട്ടതും സി പി എമ്മിന് ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്. തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായി സി പി എമ്മിന്റെ യുവജനസംഘടനകളില്‍ഇത്തരം സംഘങ്ങളില്‍ പെട്ടവര്‍ നുഴഞ്ഞു കയറിയതായി പാര്‍ട്ടി തന്നെ സമ്മതിക്കുന്നു. ഏതായാലും മദ്യവും ലഹരിയും കേരളത്തിലെ പുരോഗമന വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ എന്ന് അവകാശപ്പെടുന്നവരില്‍ വ്യാപകമായി ഗ്രസിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവയ്കെതിരായ പോരാട്ടം തങ്ങളുടെ ഉള്ളില്‍ നിന്ന് തന്നെ തുടങ്ങേണ്ട അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ഈ സംഘടനകള്‍