'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

നിലമ്പൂർ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് പറഞ്ഞ ടി പി രാമകൃഷ്‌ണൻ തിരഞ്ഞെടുപ്പിൽ അൻവറിന് ഇത്രയും വോട്ട് എങ്ങനെ കിട്ടി എന്ന് പരിശോധിക്കുമെന്നും പറഞ്ഞു. നിലമ്പൂരിലെ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ടി പി രാമകൃഷ്‌ണൻ.

നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല. നിലമ്പൂരിലേത് സർക്കാരിനെതിരായ ജനവിധിയല്ല. അൻവറിന് ഇത്രയും വോട്ട് എങ്ങനെ കിട്ടി എന്ന് പരിശോധിക്കും. നിലമ്പൂരിന്റെ ചരിത്രം മനസ്സിലാക്കിയാൽ വസ്‌തുതകൾ അറിയാമെന്നും എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് പറഞ്ഞതിനൊപ്പം ടി പി രാമകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

അതേസമയം തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിജയം ഉണ്ടായില്ലെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു. ഇതിൻ്റെ എല്ലാ വശങ്ങളും സൂക്ഷമമായി പരിശോധിക്കേണ്ടതുണ്ട്. സ്വയം വിമർശനം നടത്തി, കുറവുകൾ പരിശോധിച്ച്, അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ടി പി രാമകൃഷ്‌ണൻ കൂട്ടിച്ചേർത്തു. അതേസമയം വർഗീയതക്കെതിരായ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് പോകുമെന്നും കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും ടി പി രാമകൃഷ്‌ണൻ വ്യക്തമാക്കി.