'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാര്‍ക്ക് യുഎസിന്റെ യാത്ര ഉപദേശമായി അതീവ ജാഗ്രത നിര്‍ദേശം. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ബലാത്സംഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും വര്‍ധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള ‘ലെവല്‍ 2’ നിര്‍ദേശമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍, ബലാത്സംഗം, ഭീകരവാദം എന്നിവയെക്കുറിച്ച് പൗരന്മാര്‍ക്ക് യുഎസ് ട്രാവല്‍ അഡൈ്വസറി മുന്നറിയിപ്പ് നല്‍കി ജാഗരൂകരാകാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.കുറ്റകൃത്യങ്ങളുടെയും ഭീകരതയുടെയും അപകടസാധ്യതകള്‍ കണക്കിലെടുത്ത് ‘കൂടുതല്‍ ജാഗ്രത പാലിക്കാന്‍’ ഇന്ത്യയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാരെ പ്രേരിപ്പിക്കുന്ന ലെവല്‍ -2 യാത്രാ ഉപദേശം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചത് ജൂണ്‍ 16 ന് ആണ്.

യുഎസ് പുറപ്പെടുവിച്ച പുതുക്കിയ ലെവല്‍ 2 യാത്ര മാര്‍ഗ്ഗനിര്‍ദ്ദേശം സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിക്കുന്ന പ്രത്യേക മേഖലകളെ അടിവരയിട്ടു പറയുന്നതാണ്. ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിപ്പിക്കുന്ന ബലാല്‍സംഗ നിരക്കില്‍ അടിവരയിട്ടാണ് അമേരിക്ക തന്റെ പൗരന്മാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘ഇന്ത്യയില്‍ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാണ് ബലാത്സംഗം’ എന്നും ‘ലൈംഗിക ആക്രമണം ഉള്‍പ്പെടെയുള്ള അക്രമ കുറ്റകൃത്യങ്ങള്‍ ടൂറിസ്റ്റ് സൈറ്റുകളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നു’ എന്നും അമേരിക്ക പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ എടുത്ത് പറയുന്നു.

ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നടക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്നും യുഎസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്ന പറയുന്നു. ഒഡീഷ, ഛത്തീസ്ഗഡ്, ബംഗാള്‍ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേകാനുമതി നിര്‍ബന്ധമാക്കുകയും ചെയ്തു.

”ഗ്രാമപ്രദേശങ്ങളിലെ യുഎസ് പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുന്നതിന് യുഎസ് സര്‍ക്കാരിന് പരിമിതമായ കഴിവേയുള്ളൂ. കിഴക്കന്‍ മഹാരാഷ്ട്ര, വടക്കന്‍ തെലങ്കാന മുതല്‍ പടിഞ്ഞാറന്‍ ബംഗാള്‍ വരെ ഈ പ്രദേശങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. അപകടസാധ്യതകള്‍ കാരണം, ഇന്ത്യയില്‍ ജോലി ചെയ്യുന്ന യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി നേടണം. സാറ്റലൈറ്റ് ഫോണോ ജിപിഎസ് ഉപകരണമോ കൈവശം വയ്ക്കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. 200,00 ഡോളര്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ ലഭിക്കാം.

Read more

ജമ്മു കശ്മീര്‍ മേഖലയിലേക്കുള്ള യാത്രയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ലഡാക്ക്, ലേ ഒഴികെയുള്ളിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണം ആഭ്യന്തര കലാപ സാധ്യതയും ഈ പ്രദേശങ്ങളിലുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ -പാക് നിയന്ത്രണ രേഖയില്‍ ഇത് സര്‍വ സാധാരണമാണെന്നും യാത്ര മാര്‍ഗനിര്‍ദേശത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറയുന്നു. യുഎസ് പൗരന്മാര്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടക്കരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ‘കുടിയേറ്റവുമായി ബന്ധപ്പെട്ട തടങ്കലും പിഴയും’ ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടക്കരുതെന്ന് യുഎസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.