•പ്രസ്‌തുത പങ്കാളിത്തത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള നിരവധി പദ്ധതികളും നിർമ്മാണ പ്രവർത്തനങ്ങളും പരിഗണിച്ച് 550 കോടി രൂപയുടെ നിലവിലെ മൂല്യനിർണ്ണയത്തിൽ ആന്റാ ബിൽഡേഴ്‌സിന്റെ 10% ഓഹരികൾ ബീറ്റാ ഗ്രൂപ്പ് ഏറ്റെടുക്കും.
കമ്മോഡിറ്റികൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ആഗോള സാന്നിധ്യമുള്ള തിരുവനന്തപുരം ആസ്ഥാനമായ ബീറ്റാ ഗ്രൂപ്പ്, ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുവെക്കുന്നു. കേരളത്തിലെ പ്രമുഖ നിർമ്മാണ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു. വരും വർഷങ്ങളിൽ 500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണ കരാർ. കരാറിന്റെ ഭാഗമായി, ബീറ്റാ ഗ്രൂപ്പിനെ ആന്റാ ബിൽഡേഴ്‌സിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തും.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ബീറ്റാ ഗ്രൂപ്പ് ഡയറക്ടർ രാജ്നാരായണ പിള്ളയും അൻ്റാ ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ മിഥുൻ കുരുവിള കുര്യനും, കിർലോസ്കർ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് വർഗ്ഗീസിന്റെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിലൂടെ, അഞ്ച് പ്രധാന തന്ത്രപരമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയുക്ത കർമ്മപദ്ധതിക്ക് രൂപം നൽകുന്നു:
• സംയുക്ത മൂലധന സമാഹരണം: റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾക്കും തന്ത്രപരമായ പങ്കാളിത്തത്തിനുമായി 500 കോടി രൂപ സമാഹരിക്കുക.• അഖിലേന്ത്യാ തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കൽ: കേരളത്തിന് പുറമെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ഗുരുഗ്രാം തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക.
• സാങ്കേതിക മുന്നേറ്റം: അത്യാധുനിക നിർമ്മാണ സാങ്കേതിക വിദ്യകളും സുസ്ഥിര നിർമ്മാണ രീതികളും അവലംബിക്കുക.• അടിസ്ഥാന സൗകര്യ വികസനം: വലിയ തോതിലുള്ളതും ഉയർന്ന മൂല്യമുള്ളതുമായ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കാനുള്ള ശേഷി വർദ്ധിപ്പിക്കുക.• സ്മാർട്ട് & ഗ്രീൻ ഇന്നൊവേഷനുകൾ: സ്മാർട്ട് സിറ്റി വികസനത്തിലും ഗ്രീൻ ബിൽഡിംഗ് ഡിസൈനുകളിലും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക.
“ഞങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോ ഭാവിക്ക് അനുയോജ്യമായ വ്യവസായങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്, അൻ്റാ ബിൽഡേഴ്‌സിന്റെ പ്രാദേശിക വിപണിയിലെ ശക്തിയും ഞങ്ങളുടെ ആഗോള കാഴ്ചപ്പാടും ചേരുമ്പോൾ, സുസ്ഥിരതയ്ക്ക് ഊന്നൽ നൽകി നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്”- ബീറ്റാ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിള്ള പറഞ്ഞു.
ഈ പങ്കാളിത്തം വഴി കേരളത്തിന് പുറത്ത് ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ഗുരുഗ്രാം തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരവികസനത്തിലെ പുതിയ പ്രവണതകൾക്ക് അനുസൃതമായി, നൂതന നിർമ്മാണ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും സ്മാർട്ട്, ഹരിത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇരു കൂട്ടരും ഊന്നൽ നൽകും.
“വളർച്ചയുടെയും നൂതനത്വത്തിന്റെയും പുതിയ മാനങ്ങൾ തുറക്കുന്ന ഒരു നാഴികക്കല്ലായി ഈ പങ്കാളിത്തം മാറുമെന്ന്,” അൻ്റാ ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ മിഥുൻ കുരുവിള കുര്യൻ അഭിപ്രായപ്പെട്ടു.
കരാർ ഒപ്പിടുന്ന ചടങ്ങിൽ, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിള്ള, ക്ലയിൻ്റ് അസോസിയേറ്റ്സിലെ മധു കുമാർ എന്നിവരും ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.