ആമിർ ഖാൻ ടാക്കീസ് എന്ന പേരിലുളള തന്റെ യൂടുബ് ചാനൽ പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. ഇനി മുതൽ തിയേറ്റർ റിലീസിന് ശേഷം ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ സിനിമകൾ ഈ യൂടൂബ് ചാനലിലൂടെ പ്രദർശിപ്പിക്കും. ‘ജനങ്ങളുടെ തിയറ്റർ’ (ജൻതാ കാ തിയറ്റർ) എന്ന വിശേഷണത്തോടെയാണ് ചാനൽ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആമിർ ഖാൻ ഈ വിപ്ലവകരമായ പ്രഖ്യാപനം നടത്തിയത്. നടന്റെ ഏറ്റവും പുതിയ ചിത്രം സിതാരെ സമീൻ പർ ആയിരിക്കും ആമിർ ഖാൻ ടാക്കീസ് ചാനലിലൂടെയുള്ള ആദ്യ റിലീസ്. ഓഗസ്റ്റ് 1 നാണ് സിനിമ യുട്യൂബിൽ സ്ട്രീമിങ് ആരംഭിക്കുക.
ഒടിടി സ്ട്രീമിങ് ഒഴിവാക്കിയാണ് സിതാരെ സമീൻ പർ തിയറ്റർ റിലീസിന് ശേഷം യുട്യൂബിലേക്ക് എത്തുന്നത്. കാണുന്നതിന് മാത്രം പണം നൽകുന്ന പേ പെർ വ്യൂ മാതൃകയിൽ ആയിരിക്കും സിതാരെ സമീൻ പർ സിനിമയുടെ യുട്യൂബ് റിലീസ്. 100 രൂപയാണ് സിനിമ കാണാൻ മുടക്കേണ്ടത്. ഇതിലൂടെ പണം മുടക്കുന്ന ആൾക്ക് രണ്ട് ദിവസത്തെ ആക്സസ് (48 മണിക്കൂർ) ആയിരിക്കും ലഭിക്കുക. ഇന്ത്യയ്ക്കൊപ്പം യുഎസ്എ, കാനഡ, യുകെ, ഓസ്ട്രേലിയ, ജർമനി, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും യുട്യൂബിലൂടെ ചിത്രം ലഭ്യമായിരിക്കും.
Read more
സിതാരെ സമീൻ പർ ഒരു തുടക്കം മാത്രമാണെന്നും കാലക്രമത്തിൽ ആമിർ ഖാൻ പ്രൊഡക്ഷൻസിൻറെ മുഴുവൻ സിനിമകളും ഇവിടെ ലഭ്യമാകുമെന്ന് ആമിർ ഖാൻ പറഞ്ഞു. സത്യമേവ ജയതേ പോലുള്ള നടന്റെ ഷോകൾ ചാനലിൽ സൗജന്യമായി കാണാം. ചില ഉള്ളടക്കങ്ങൾ സൗജന്യമായി കാണാനാവുന്ന തരത്തിലുമായിരിക്കും. ഇൻഡിപെൻഡൻറ് ഫിലിം മേക്കേഴ്സിനും തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ പുതിയ പ്ലാറ്റ്‍ഫോമിലൂടെ അവസരം നൽകുമെന്നും വാർത്താസമ്മേളനത്തിൽ ആമിർ ഖാൻ അറിയിച്ചു.









