എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു, 'അമ്മ' തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു

അമ്മ സംഘടനയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് വിട്ടുനിൽക്കണമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. നടനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെയെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. ‘എനിക്ക് എതിരെ ആരോപണം ഉയർന്നപ്പോൾ ഞാൻ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം. കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്ന് താൻ കരുതുന്നുവെന്നും’ വിജയ് ബാബു കുറിച്ചു.

അതേസമയം അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുതെന്ന് നേരത്തെ നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയൻ മാറിനിൽക്കുകയാണ് വേണ്ടതെന്നും ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുമെന്നും നടി പറഞ്ഞു. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് ഉൾപ്പെടെ അഞ്ച് പേരാണ് മത്സരിക്കുന്നത്. കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണ് മത്സര രംഗത്തുളള മറ്റ് അം​ഗങ്ങൾ.

Read more

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്കുളള തെര‍ഞ്ഞെടുപ്പിൽ നിന്ന് നടൻ ജ​ഗദീഷ് പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് വനിതകൾ വരട്ടെയെന്നും മമ്മൂട്ടിയും മോഹൻലാലും പറഞ്ഞാൽ താൻ പിന്മാറുമെന്നും ജ​ഗദീഷ് പറഞ്ഞതായാണ് വിവരം. ജ​ഗദീഷ് പിന്മാറിയാൽ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറും.