താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതേ കുറിച്ച് മമ്മൂട്ടിയുമായും മോഹൻലാലുമായും ജഗദീഷ് ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുമതി ലഭിച്ചാൽ ജഗദീഷ് പത്രിക പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജഗദീഷ് ഉൾപ്പെടെ ആറ് പേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ബാക്കിയുളളവർ.
പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രമായിരിക്കും അദ്ദേഹം മത്സരിക്കുക. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി. രവീന്ദ്രന് പുറമെ ബാബുരാജ്, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. ആശ അരവിന്ദ്, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ലക്ഷ്മിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള മത്സരരംഗത്തുളളത്. ഒന്നിലധികം സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയവർ 31ന് അന്തിമ സ്ഥാനാർഥി പട്ടിക വരുന്നതിന് മുൻപ് മറ്റു സ്ഥാനങ്ങളിലേക്ക് നൽകിയ പത്രിക പിൻവലിക്കണം.
Read more
അതേസമയം താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയൻ മാറിനിൽക്കുകയാണ് വേണ്ടതെന്നും ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുമെന്നും നടി പറഞ്ഞു. മടുത്തിട്ടാണ് മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. എല്ലാ പ്രശ്‍നങ്ങളിലും ലാലിന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമ്മൂട്ടിയോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട് പോലും ലഭിക്കില്ല. ഞങ്ങൾ തെറ്റു കണ്ടാൽ തുറന്നുപറയും. അതിനാൽ താനും മകനും അമ്മയ്‍ക്ക് അപ്രിയരാണ് എന്നും ഏഷ്യാനെറ്റ് ന്യൂസിനോടാണ് മല്ലികാ സുകുമാരൻ പറഞ്ഞത്.









