ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. കീഴ്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതോടെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് കന്യാസ്ത്രീമാരുടെ അഭിഭാഷക അറിയിച്ചു. കന്യാസ്ത്രീമാരുടെ നേര്‍ക്കുണ്ടായ സമീപനത്തിലും മോചനം വൈകുന്നതിലും രാജ്യവ്യാപകമായി പ്രതിഷേധം വ്യാപകമാകുന്നു.
ഇതിനിടെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാര്‍ സന്ദര്‍ശിച്ചു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായ രീതിയിലാണ് തങ്ങളെ നേരിട്ടതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു. എന്‍ കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, സപ്തഗിരി എന്നീ എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി എത്തിയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും ജയിലില്‍ ഇവരെ കാണാന്‍ അനുമതി ലഭിച്ചിരുന്നു.
എന്നാല്‍ ഇടത് എംപിമാരും നേതാക്കളുമെത്തിയപ്പോള്‍ കന്യാസ്്ത്രീകളെ കാണാന്‍ പൊലീസ് അനുമതി നല്‍കിയില്ല. ബൃന്ദ കാരാട്ട്, ആനി രാജ, എംപി കെ രാധാകൃഷ്ണന്‍, രാജ്യസഭ എം പി എ എ റഹീം അടങ്ങിയ സംഘമാണ് ദുര്‍ഗിലെത്തിയത്. മൂന്ന് മണിക്ക് ശേഷം ജയിലില്‍ അനുമതിയില്ലെന്ന് പറഞ്ഞു പൊലീസ് തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഒടുവില്‍ നാളെ രാവിലെ 9 മണിക്ക് എത്താനാണ് പൊലീസ് ആവശ്യപ്പെട്ടത്.
Read more
ഛത്തീസ്ഗഢില്‍ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവര്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വിചാരണ നേരിടേണ്ടി വന്നത്. പിന്നാലെ ഛത്തീസ്ഗഡിലെ പൊലീസ് എത്തുകയും മതപരിവര്‍ത്തനത്തിന് മേലെ മനുഷ്യകടത്തുകൂടി ചാര്‍ത്തി കേസെടുക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. ഒരു പറ്റം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.