Asia Cup 2025: 'അവൻ ഇന്ത്യൻ ടീമിൽ കാണില്ല'; വിലയിരുത്തലുമായി ആകാശ് ചോപ്ര

2025 ലെ ഏഷ്യാ കപ്പിൽ ജസ്പ്രീത് ബുംറയുടെ ലഭ്യത സംശയാസ്പദമാണെന്നും ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമി ഇടംപിടിക്കില്ലെന്നും ആകാശ് ചോപ്ര. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. പാകിസ്ഥാൻ, ഒമാൻ, യുഎഇ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ ഗ്രൂപ്പുചെയ്യപ്പെട്ടിരിക്കുന്നത്.

2024 ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലായിരുന്നു ബുംറയുടെ അവസാന ടി20 മത്സരം. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാണ് ബുംറ. ഓവൽ ടെസ്റ്റിൽ ബുംറ കളിക്കാതിരുന്നാൽ ടൂർണമെന്റിന് അദ്ദേഹം ലഭ്യമാകണമെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. എന്നിരുന്നാലും, ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി20 മത്സരത്തിൽ ഇന്ത്യ കളിച്ച ടീമിനൊപ്പം പോകാമെന്ന് മുൻ ക്രിക്കറ്റ് താരം കരുതുന്നു.

“ബുംറ, ഒരിക്കൽ കൂടി ആ ലഭ്യത ഒരു ചോദ്യമായിരിക്കും. എന്നിരുന്നാലും, അദ്ദേഹം ലഭ്യമാണെങ്കിൽ, ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റും കളിക്കുന്നില്ലെങ്കിൽ, അദ്ദേഹം ഏഷ്യാ കപ്പ് കളിക്കണം എന്നാണ് ഞാൻ കരുതുന്നത്. ഏത് തരത്തിലുള്ള ടീമിനെയാണ് തിരഞ്ഞെടുക്കുന്നതെന്ന് കാണാൻ രസകരമായിരിക്കും. പക്ഷേ കഴിഞ്ഞ തവണ തിരഞ്ഞെടുത്ത ടീമിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാകരുത്,” ചോപ്ര പറഞ്ഞു.

അതേസമയം, പരിക്കുമൂലം ഏറെക്കാലം വിശ്രമത്തിലായിരുന്ന ഷമി ഈ വർഷം ആദ്യം തിരിച്ചെത്തി ചാമ്പ്യൻസ് ട്രോഫി ടീമിന്റെ ഭാഗമായി. എന്നാൽ, അതിനുശേഷം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് യാത്രയിൽ നിന്ന് താരത്തെ ഒഴിവാക്കി. ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്തതിനാൽ ബംഗാൾ പേസർ ഏഷ്യാ കപ്പിനുള്ള ടീമിൽ ഉണ്ടാകാൻ സാധ്യതയില്ലെന്ന് ചോപ്ര കരുതുന്നു.

സെപ്റ്റംബർ 10 ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടം ആരംഭിക്കുന്നത്. നാല് ദിവസത്തിന് ശേഷം പാകിസ്ഥാനെ നേരിടും. സെപ്റ്റംബർ 19 ന് ഒമാനെതിരെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. അതിനുശേഷം സൂപ്പർ 4 ഘട്ടം ആരംഭിക്കും. ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ 28 ന് നടക്കും.