അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചും അദ്ദേഹത്തെ കുറിച്ചുളള ഓർമ്മകൾ പങ്കുവച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വി എസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജനസാഗരത്തിനിടയിലൂടെ ആലപ്പുഴ ജില്ലയിൽ എത്തിയിരിക്കുകയാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായൊരു നോക്ക് കാണാൻ വിവിധയിടങ്ങളിലായി കാത്തുനിൽക്കുന്നത്. വിഎസിനെ കുറിച്ചുളള നടനും മിമിക്രി ആർട്ടിസ്റ്റുമായ മനോജ് ഗിന്നസിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വിഎസിനെ മുൻപ് നിരവധി തവണ അനുകരിച്ചിട്ടുളള കലാകാരനാണ് മനോജ്.
വിഎസിനെ ആദ്യമായി നേരിൽ കണ്ടതും തന്നെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതുമായ വാക്കുകളാണ് മനോജ് ഗിന്നസ് ഫേസ്ബുക്കിൽ പങ്കുവച്ചത്. തന്നെ അനുകരിക്കുന്നവരിൽ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന് വിഎസ് പറഞ്ഞത് അഭിമാനം തോന്നിയ നിമിഷമായിരുന്നുവെന്ന് മനോജ് ഗിന്നസ് ഓർത്തെടുത്തു. തന്നെ അനുകരിച്ചാൽ എത്ര രൂപ കിട്ടുമെന്ന് അദ്ദേഹം ചോദിച്ചുവെന്നും 2500 രൂപ എന്ന് പറഞ്ഞപ്പോൾ എനിക്കത്രയേ വിലയൊള്ളോന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചതും നടൻ ഓർമ പങ്കുവച്ചു.
Read more
“പ്രിയ സഖാവിനു വിട..ഏഷ്യാനെറ്റ് സിനിമാലയിൽ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാൻ അവതരിപ്പിച്ചു. ലോക മലയാളികൾ അതേറ്റുവാങ്ങി. ഒരിക്കൽ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു “എന്നെ അനുകരിക്കുനതിൽ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്. അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്. പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു “എന്നെ അനുകരിക്കുന്നതിൽ താങ്കൾക്ക് എന്തു കിട്ടുമെന്ന്. ഞാൻ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്. “അപ്പോൾ എനിക്കത്രയേ വിലയൊള്ളോ” എന്ന് പറഞ്ഞു ചിരിച്ചു. ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളിൽ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസ് ന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ”, മനോജ് ഗിന്നസ് കുറിച്ചു.