ആലപ്പുഴയുടെ പാതയോരങ്ങളില്‍ കണ്ണുനിറച്ച് നെഞ്ചിടറി വിഎസിനായി ജനക്കൂട്ടം. വിഎസിന്റെ ജന്മനാടായ ആലപ്പുഴയില്‍ 21 മണിക്കൂര്‍ പിന്നിട്ട വിലാപയാത്ര വേലിക്കകത്തെ വീട്ടിലേക്ക് നീങ്ങുകയാണ്. പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 21 മണിക്കൂര്‍ പിന്നിട്ടു. ആലപ്പുഴയുടെ വിപ്ലവമണ്ണില്‍ വിഎസ്സിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് വഴിയിലാകെ തടിച്ചുകൂടിയത്. പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രിയപ്പെട്ട വിഎസിനെ ഒരുനോക്കുകാണാന്‍ വഴിയരികില്‍ ആയിരങ്ങള്‍ കാത്തുനിന്നിരുന്നതിനാല്‍ നിശ്ചയിച്ച പ്രകാരം നീങ്ങാന്‍ വിലാപയാത്രയ്ക്ക് സാധിച്ചില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകിയെത്തി. കാസര്‍കോട് കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തി കാത്തുനില്‍ക്കുകയാണ്. ആയിരക്കണക്കിനാളുകളാണ് വേലിക്കകത്ത് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയിരിക്കുന്നത്. അഞ്ചുമണിയോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിശ്ചയിച്ച സമയക്രമത്തിലൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷടക്കം പറഞ്ഞത്.
Read more
ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫിസിലുണ്ട്. മഴയെ അവഗണിച്ചും ജനക്കൂട്ടം വിഎസിനെ അവസാനമായി കാണാനെത്തുന്നു.