രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയുടേതായി പുറത്തിറങ്ങിയ പവർഹൗസ് പാട്ട് ഏറ്റെടുത്ത് ആരാധകർ. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് യൂടൂബിൽ പുറത്തിറങ്ങിയത്. ലോകേഷിന്റെ പതിവ് ചോരക്കളിയാവും കൂലിയിലും ഉണ്ടാവുക എന്ന സൂചനയാണ് ഈ ഗാനവും നൽകുന്നത്. പാട്ട് തിയേറ്ററുകളിൽ രജനി ആരാധകരിൽ വൻ ആവേശമായിരിക്കും ഉണ്ടാക്കുക. ഇതിനോടകം മൂന്ന് മില്യണിലധികം പേരാണ് പവർഹൗസ് ലിറിക്കൽ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. അറിവ് വരികൾ എഴുതി അനിരുദ്ധും അറിവും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഓഗസ്റ്റ് 14നാണ് രജനി ചിത്രം ലോകമെമ്പാടുമുളള തിയറ്ററുകളിലേക്ക് എത്തുന്നത്.
സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിൽ അടുത്തിടെ പുറത്തിറങ്ങിയ മോണിക്ക സോംഗിൽ പൂജാ ഹെഗ്ഡെയ്ക്ക് ഒപ്പം മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറും തകർത്താടി. നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എംജിആർ, മോനിഷ ബ്ലെസി, കാളി വെങ്കട്ട് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന കൂലിയുടെ ബജറ്റ് 350 കോടിയെന്നാണ് റിപ്പോർട്ടുകൾ.