'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

പിണറായി വിജയൻ സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പറഞ്ഞ വി ഡി സതീശൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100ലധികം സീറ്റുകളുമായി തിരിച്ചുവരുമെന്നും പറഞ്ഞു. ആര്യാടൻ ഷൗക്കത്തിന്‍റെ മികച്ച വിജയം ടീം യുഡിഎഫിന്‍റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

2026 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ തങ്ങൾക്ക് നൽകിയതെന്നും വി ഡി സതീശൻ പറഞ്ഞു. അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. യുഡിഎഫിന്‍റെ വോട്ട് എവിടെയും പോയിട്ടില്ല. എൽഡിഎഫിന് നിലമ്പൂരിൽ 16000 വോട്ടുകളാണ് നഷ്ടപ്പെട്ടത്. യുഡിഎഫ് ശക്തിപ്പെട്ടുവെന്നതിന്‍റെ തെളിവാണ് ഈ വിജയമെന്നും വി ഡി സതീശൻ പറഞ്ഞു.

100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ഈ തെരഞ്ഞെടുപ്പോടെ വീണ്ടും യുഡിഎഫ് മണ്ഡലമായി എന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഇങ്ങനെ പ്രവര്‍ത്തിച്ചാൽ ഇനിയും കൂടുതൽ നേടാനാകുമെന്ന് ഉറപ്പാണെന്നും വി ഡി സതീശൻ ഓർമിപ്പിച്ചു. ജനങ്ങളുടെ വിശ്വാസം ഞങ്ങള്‍ സംരക്ഷിക്കും. ജനങ്ങള്‍ക്ക് നൽകിയ വാക്ക് പാലിക്കാൻ ശ്രമിക്കും. മുന്നോട്ട് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാൻ ഈ വിജയം കരുത്താകുമെന്ന് പറഞ്ഞ വി ഡി സതീശൻ ഹൃദയപൂര്‍വം പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുകയാണെന്നും കൂട്ടിച്ചേർത്തു.

Read more