ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് എതിരെ വിഎസ്

ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിഎസ് മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നത്. പാര്‍ലിമെന്റിനേയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനങ്ങളെ മൊത്തത്തിലും വീട്ടുതടവിലിട്ട്, സംഘപരിവാറിന്റെ വംശീയ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് ഫാസിസ്റ്റുകളാണ് എന്ന് ഞാന്‍ മുമ്പേ പറഞ്ഞതാണ്. ഇപ്പോഴിതാ, ഫാസിസം അതിന്റെ തനിസ്വരൂപം പ്രകടമാക്കി കഴിഞ്ഞിരിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയത്തിന് ന്യായമില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ, ഫാസിസ്റ്റുകള്‍ തകര്‍ക്കാനാരംഭിച്ചിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ ഫാസിസത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ ഇന്ത്യയിലെ ജനങ്ങളാണിനി പ്രതികരിക്കേണ്ടത്. ആ പ്രതികരണം ആരംഭിച്ചു കഴിഞ്ഞതായി വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നുവെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു