ഈ തുണ്ട് കടലാസല്ല, എഗ്രിമെൻറ് പുറത്തു വിടണം; ചുരുളി സിനിമയ്ക്ക് താൻ എതിരല്ലെന്ന് നടൻ ജോജു ജോർജ്

ചുരുളി സിനിമാ വിവാ​ദത്തിൽ പ്രതികരണവുമായി നടൻ ജോജു ജോർജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ താൻ എതിരല്ല എന്നും ഫെസ്റ്റിവലിന് വേണ്ടി നിർമിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും ജോജു പറഞ്ഞു. ലിജോ ജോസ് പുറത്തു വിട്ട തുണ്ട് കടലാസല്ല എ​ഗ്രിമെന്റ് പുറത്തു വിടണമെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു.

‘സിനിമ ഫെസ്റ്റിവലിന് വേണ്ടി എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തിൽ അഭിനയിച്ചത്. ഒടിടിയിൽ തെറി വേർഷൻ വന്നു. ഐഎഫ്എഫ് കെയിൽ തെറിയില്ലാതെ വേർഷൻ വന്നു. പൈസ കൂടുതൽ കിട്ടിയപ്പോൾ ഇവർ തെറി വേർഷൻ ഒടിടിയ്ക്ക് കൊടുത്തു’ എന്നും ജോജു ആരോപിച്ചു.

ചുരുളി എന്ന സിനിമയിൽ അഭിനയിച്ചതിന് പണം ലഭിച്ചില്ലെന്ന നടൻ ജോജു ജോർജിന്റെ ആരോപണത്തിന് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കിലൂടെ മറുപടി നൽകിയിരുന്നു. ജോജുവിന് കൃത്യമായി പ്രതിഫലം നൽകിയതാണെന്ന് പറയുകയും ജോജുവിന് പണം നൽകിയതിന്റെ രേഖയും ലിജോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നും എന്നാൽ തെറിയുള്ള പതിപ്പാണ് റിലീസ് ചെയ്തെന്നുമാണ് ജോജു നേരത്തെ പറഞ്ഞത്. തനിക്ക് അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല എന്നും നടൻ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിൽ പറഞ്ഞിരുന്നു.

Read more